ബസുകള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഇനി പിഴ ഇരട്ടി നല്‍കേണ്ടി വരും... മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനല്‍ കേസെടുക്കും; ക്രമക്കേട് കണ്ടെത്തിയാല്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും

ബസുകള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഇനി പിഴ ഇരട്ടി നല്‍കേണ്ടി വരും. മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനല്‍ കേസെടുക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.
ബസുകള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഓരോ രൂപ മാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രൂപമാറ്റം വരുത്തിയാല്‍ 5000 രൂപയാണ് കേരളത്തില്‍ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കര്‍ശനമായി നേരിടാനാണു പിഴത്തുക ഉയര്‍ത്തുന്നതെന്ന് ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബസുകളുടെ വേഗം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഉടമകളുടെ പേരിലും രൂപമാറ്റത്തിനു സഹായിക്കുന്നവരുടെ പേരിലും ക്രിമിനല്‍ കേസെടുക്കും. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കില്ല. ബസുകള്‍ രൂപമാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ത്രിതല പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
ആര്‍ടിഒ ഓഫിസിന്റെ കീഴിലുള്ള ബസുകളുടെ എണ്ണമെടുത്ത് നിശ്ചിത ബസുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്കു വീതിച്ചു നല്‍കും. ക്രമക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ഉദ്യോഗസ്ഥന്റെ പേരിലും നിയമ നടപടി സ്വീകരിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ആഴ്ച തോറും ബസുകള്‍ പരിശോധിക്കും. ഇതിനു മുകളില്‍ സൂപ്പര്‍ ചെക് സെല്ലും ഉണ്ടാകും.
നിയമലംഘനത്തിനു ലൈസന്‍സ് റദ്ദാക്കിയാല്‍ റിഫ്രഷ്‌മെന്റ് കോഴ്‌സുകളില്‍ പങ്കെടുക്കണം. കോഴ്‌സ് പൂര്‍ത്തിയായാലേ ലൈസന്‍സ് പുതുക്കി നല്‍കൂ. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് ലൈസന്‍സ് റദ്ദാക്കപ്പെടുന്നവരും കോഴ്‌സ് പൂര്‍ത്തിയാക്കണം. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍ക്ക് വെള്ളയില്‍ നീല ബോര്‍ഡറാണ് നിറം.
എല്ലാ വാഹനങ്ങളും എത്രയും വേഗം ഈ നിറത്തിലേക്കു മാറണം. എല്ലാ വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഫ്രീ മൂവ്‌മെന്റ് റദ്ദാക്കി. നവംബര്‍ ഒന്നു മുതല്‍ ഈ വാഹനങ്ങള്‍ക്കു നികുതി ഈടാക്കും. വാഹനം രൂപമാറ്റം വരുത്തുന്ന വര്‍ക്‌ഷോപ്പ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാഹനങ്ങളെ പരിശോധിക്കും. യാത്രക്കാര്‍ രൂപമാറ്റംവരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നു മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ ആഴ്ചയിലും മന്ത്രിതലത്തില്‍ യോഗം ചേര്‍ന്ന് വിലയിരുത്തലുകള്‍ നടത്തും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























