കേരള സര്‍വകലാശാലയുടെ നിര്‍ണ്ണായക സെനറ്റ് യോഗം ഇന്ന്..... പുതിയ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ യോഗത്തില്‍ ചര്‍ച്ച നടക്കും, ഗവര്‍ണ്ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം

വിസി നിര്‍ണ്ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്നായിരുന്നു രാജ്ഭവന്‍ നിര്‍ദ്ദേശം. നേരത്തെ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി പേര് നല്‍കിയിരുന്നില്ല. പേര് നിര്‍ദ്ദേശിച്ചില്ലെങ്കില്‍ വിസിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നുമായിരുന്നു ഗവര്‍ണ്ണറുടെ ഭീഷണി.
യോഗം ചേരുന്നുണ്ടെങ്കിലും പ്രതിനിധിയെ നിര്‍ദ്ദേശിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. നിലവില്‍ ഗവര്‍ണ്ണര്‍ രൂപീകരിച്ച സമിതിയിയില്‍ ഗവര്‍ണ്ണറുടേയും യുജിസിയുടെയും പ്രതിനിധികളാണുള്ളത്. ഗവര്‍ണ്ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് അടുത്തിടെ പ്രമേയം പാസ്സാക്കിയിരുന്നു. സെനറ്റ് പേര് നിര്‍ദ്ദേശിച്ചില്ലങ്കില്‍ രണ്ടംഗ സമിതി വിസി നിര്‍ണ്ണയ നടപടിയുമായി മുന്നോട്ട് പോകും. കടുത്ത നടപടിയിലേക്ക് ഗവര്‍ണ്ണര്‍ കടക്കും.
കഴിഞ്ഞ ജൂലൈ 15-ന് സെനറ്റ് യോഗം ചേര്‍ന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രനെ സെര്‍ച്ച് കമ്മറ്റിയിലേക്കുള്ള സര്‍വ്വകലാശാലയുടെ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സ്വയം ഒഴിയുകയും ഇക്കാര്യം ഗവര്‍ണറെ അറിയിക്കുകയും ചെയ്‌തെങ്കിലും തന്റെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.
സെനറ്റ് പ്രതിനിധിയെ നല്‍കിയില്ലെങ്കിലും പുതിയ വിസിയെ കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ തീരുമാനം. ഈ മാസം 24-നാണ് നിലവിലത്തെ വൈസ് ചാന്‍സിലര്‍ ആയ വി.പി മഹാദേവന്‍ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്. അതേസമയം വിസി നിയമനവുമായി മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നീക്കങ്ങളും സര്‍വകലാശാലക്ക് നിര്‍ണായകമാണ്.
ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ ഗവര്‍ണ്ണര്‍ മടങ്ങിയെത്തിയേക്കും.
https://www.facebook.com/Malayalivartha

























