റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് നല്‍കി വിനീതിന്റെ പീഡനവും പണം തട്ടിപ്പും..... അഴിക്കുള്ളിലായ പ്രമുഖ ടിക് ടോക് , ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയന്റെ ജാമ്യ ഹര്‍ജിയില്‍ തലസ്ഥാന ജില്ലാ കോടതി മറ്റന്നാള്‍ ഉത്തരവ് പറയും

സമൂഹ മാധ്യമ റീല്‍സ് വൈറലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ടിപ്‌സ് പറഞ്ഞു കൊടുത്ത് പീഡനവും പണം തട്ടിപ്പും നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രമുഖ ടിക് ടോക് , ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയന്റെ ജാമ്യ ഹര്‍ജിയില്‍ തലസ്ഥാന ജില്ലാ കോടതി മറ്റന്നാള്‍ ( ഈ മാസം 13 ന് ) ഉത്തരവ് പറയും.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹനാണ് ഹര്‍ജി പരിഗണിച്ചത്. ജാമ്യഹര്‍ജിയെ എതിര്‍ത്ത് തമ്പാനൂര്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കി. ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുമെന്നും കാണിച്ചാണ് പോലീസ് റിപ്പോര്‍ട്ട്. സമര്‍പ്പിച്ചത്. പ്രതിയുടെയും സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് 13 ന് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടിയെടുക്കുകയും കാര്‍ വാങ്ങാന്‍ വിദ്യാര്‍ത്ഥിനിയെ ഒപ്പം കൂട്ടി ഷോറൂമില്‍ കൊണ്ടു പോയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലെടുത്ത തമ്പാനൂര്‍ പീഡന കേസില്‍ ചിറയിന്‍കീഴ് സ്വദേശിയായ വിനീത് അറസ്റ്റ് ചെയ്യപ്പെട്ട് ആഗസ്റ്റ് 6 മുതല്‍ 65 ദിവങ്ങളായി റിമാന്റിലാണ്. പ്രതിക്ക് ''വിനീത് - ഒഫീഷ്യല്‍ ' , ' മീശ ഫാന്‍ ഗേള്‍സ് ' എന്നീ ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ 23.3 കെ (23,300 ഫോളോവേഴ്‌സും) 3 വനിതാ കൂട്ടാളികളെ ഒപ്പം ചേര്‍ത്തുള്ള 197 ക്ലോസ് അപ്പ് വീഡിയോ പോസ്റ്റുകള്‍ ചെയ്തിട്ടുമുണ്ട്. 4 ലക്ഷത്തോളം ആരാധകരും ഉണ്ട്.
കറുത്ത നിറമുള്ള പ്രതി പ്രത്യേക മൊബൈല്‍ ആപ്പ് വഴി ഫില്‍ട്ടര്‍ ചെയ്ത മീശ മുഖം കാട്ടി സിനിമാ താരം ഉണ്ണി മുകുന്ദനെ വെല്ലുന്ന സ്‌റ്റൈലില്‍ രാത്രി ലൈവ് ക്ലോസ് അപ്പ് വീഡിയോകള്‍ ചെയ്ത് സ്ത്രീകളെയും കോളേജ് കുമാരികളെയും സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടലുമാണ് ഇയാളുടെ കുറ്റകൃത്യ രീതിയെന്നാണ് കേസ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ജാമ്യം നിരസിച്ച ഉത്തരവുമായിട്ടാണ് വിനീത് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പീഢനക്കേസ് സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കുറ്റകൃത്യമാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകള്‍ കേസ് റെക്കോര്‍ഡിലുണ്ടെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്.
താന്‍ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റകൃത്യങ്ങളും ചെയ്തിട്ടില്ല. തന്നെ പോലീസ് കസ്റ്റഡില്‍ വിട്ടു നല്‍കി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായി. അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായിട്ടുള്ളതും തന്റെ തുടര്‍ ജയില്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ല. കോടതി കല്‍പ്പിക്കുന്ന ഏത് വ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണ്. തന്റെ സാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാന്‍ യോഗ്യരായ ജാമ്യക്കാര്‍ ഹാജരുണ്ട്. 60 ദിവസങ്ങള്‍ക്ക് മേലായി താന്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നാണ് പ്രതിയുടെ ജാമ്യ ഹര്‍ജിയിലെ ആവശ്യം.
ഇന്‍സ്റ്റാഗ്രാമില്‍ വിനീത് കെലിപ്പനെന്നും പെണ്‍കുട്ടികള്‍ കാന്താരിമാരുമെന്നാണ് അറിയപ്പെടുന്നത്. ഇയാളുടെ അറസ്റ്റിന് ശേഷം ഇയാളെ വെള്ളപൂശിയും ഇരകളെ കുറ്റപ്പെടുത്തിയും ഇയാളുടെ വനിതാ കൂട്ടാളി യൂട്യൂബിലും മറ്റും വീഡിയോ ചെയ്ത് രംഗത്തു വന്നിട്ടുണ്ട്.
കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് സോഷ്യല്‍ മീഡിയ ടിക് ടോക് , ഇന്‍സ്റ്റാഗ്രാം താരം വിനീത് വിജയന്‍ അഗസ്റ്റ് 6 ന് അറസ്റ്റിലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും ആരോപണമുണ്ട്.
ടിക് ടോക്ക് ,ഇന്‍സ്റ്റാഗ്രാം അടക്കമുള്ള വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. തട്ടിപ്പ് മനസിലാക്കി പിന്‍മാറുന്ന കോളേജ് വിദ്യാര്‍ത്ഥിനികളെയും യുവതികളെയും മര്‍ദ്ദിച്ചതായും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസില്‍ നേരിട്ടും ഫോണിലൂടെയും പരാതി ലഭിച്ചിട്ടുണ്ട്.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, ഇയാള്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണവും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായാണ് പോലീസ് ഭാഷ്യം. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാള്‍ക്ക് വലിയ തോതില്‍ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടും പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha






















