കലശലായ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ ആൺ കുഞ്ഞിന് ജന്മം നൽകി; ആരോഗ്യ നില വഷളായ പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പ്രസവിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു.
ഇന്ന് രാവിലെയാണ് വയറുവേദനയുമായി പ്ലസ് ടു വിദ്യാർഥിനിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചെന്ന് കണ്ടെത്തിയത്. ഉടൻ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും വാർഡിലേക്ക് മാറ്റി.
ഇതിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. പെട്ടെന്ന് തന്നെ അമ്മയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























