കരമന നെടുങ്കാട് സജി കൊലക്കേസ് ... വധശിക്ഷാ തടവുകാരനായ അമ്മക്കൊരുമകന്‍ സോജുവടക്കം 9 പ്രതികള്‍, അന്വേഷണ ഉദ്യോഗസ്ഥനായ നര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് വാറണ്ട്

സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്‍മാരായ അമ്മക്കൊരു മകന്‍ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയില്‍ 2012 ല്‍ മൃഗീയമായി നടന്ന കരമന സജി കൊലക്കേസില്‍ വിചാരണക്ക് ഹാജരാകാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ കരമന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് വാറണ്ട്.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്റേതാണുത്തരവ്. അസി. കമ്മീഷണറെ (ഷീന്‍ തറയില്‍) നവംബര്‍ 17 നകം അറസ്റ്റ് ചെയ്യാന്‍ ഡി ജി പി അനില്‍ കാന്തിനോടാണ് കോടതി ഉത്തരവിട്ടത്. കേസില്‍ ഇതിനോടകം 34 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകളും പ്രതികള്‍ കൃത്യത്തിനുപയോഗിച്ച13 തൊണ്ടി മുതലുകളും അക്കമിട്ട് തെളിവില്‍ സ്വീകരിച്ച് വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കാതെ വിട്ടു നില്‍ക്കുന്നതെന്ന് നിരീക്ഷിച്ചാണ് കടുത്ത നടപടിയിലേക്ക് കോടതി നീങ്ങിയത്.
പോലീസ് കുറ്റപത്രത്തിലെ 60 ആം സാക്ഷിയും. പ്രോസിക്യൂഷന്‍ ഭാഗം മുപ്പത്തഞ്ചാം സാക്ഷിയായി വിസ്തരിക്കേണ്ടതുമായ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ സമന്‍സുത്തരവ് കൈപ്പറ്റിയിട്ടും ഒക്ടോബര്‍ 15 , 27 എന്നീ തീയതികളില്‍ വിചാരണക്ക് ഹാജരാകുകയോ സാവകാശം തേടുകയോ ചെയ്യാത്തതിനാലാണ് അറസ്റ്റ് ചെയ്യാന്‍ ഡി ജി പി യോട് കോടതി ഉത്തരവിട്ടത്.
ജെറ്റ് സന്തോഷ് കൊലക്കേസില്‍ വധശിക്ഷാ തടവുകാരനും 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അമ്മക്കൊരുമകന്‍ സോജുവടക്കം 9 പ്രതികളാണ് സജി കൊലക്കേസില്‍ വിചാരണ നേരിടുന്നത്. സോജു എന്ന അജിത് കുമാര്‍ , ഹരികുമാര്‍ എന്ന രഞ്ജിത് , സാബു , നെടുങ്കാട് തളിയില്‍ സ്വദേശി പുഞ്ചിരി വിനോദ് എന്ന വിനോദ് (29) , ചെണ്ട മനു എന്ന മനു , ചെത്ത് ഷാജി എന്ന ഷാജി , വെട്ട് അനി എന്ന അനില്‍ കുമാര്‍ , സതീഷ് കുമാര്‍ , അജു എന്ന ഷെറിന്‍ എന്നിവരാണ് സജി കൊലക്കേസില്‍ വിചാരണ നേരിട്ട 9 പ്രതികള്‍.
2004 ല്‍ ജെറ്റ് സന്തോഷിനെ കൈകാലുകള്‍ വെട്ടിമാറ്റി മലയിന്‍കീഴ് ആലന്തറ കോളനിയില്‍ 6 കഷണങ്ങളാക്കി മൃഗീയമായി കൊന്ന് ഓട്ടോറിക്ഷയില്‍ തള്ളിയത് മുതല്‍ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന സീരിയല്‍ കൊലപാതകങ്ങളുടെ ബാക്കിപത്രമാണ് സജി കൊലക്കേസ്.
സോജുവിന്റെ അളിയന്‍ മൊട്ട അനിയെ 2006 ല്‍ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തില്‍ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാന്‍ അമ്പിളിയുടെ വലംകൈയ്യായ സജിയെ 2012 സെപ്റ്റംബര്‍ 6 ന് രാത്രി മുഴുവന്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി അന്യായ തടങ്കലില്‍ വെച്ച് വെട്ടിയും തുടയിലും മുതുകിലുമായി 9 കുത്തിയും മൃതപ്രായനാക്കി വിവരം ലഭിക്കാത്തതിനാല്‍ കൊന്ന് വെളുപ്പിന് നെടുങ്കാട് തള്ളിയെന്നാണ് കേസ്. സജിയെ തടങ്കലില്‍ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡില്‍ തള്ളിയിരുന്നു.
മൊട്ട അനിയുടെ ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ഭാര്യയെക്കൊണ്ട് ജെറ്റ് സന്തോഷിനെ 2004 ല്‍ കരമന വിളിച്ചു വരുത്തി ടാറ്റാ സുമോയില്‍ തട്ടിക്കൊണ്ടു പോയി കൈ കാലുകള്‍ വിച്ചേദിച്ച് മൃഗീയമായി കൊലപ്പെടുത്തിയ ജെറ്റ് സന്തോഷ് കൊലക്കേസില്‍ ഒന്നാം പ്രതിയായ സോജുവും ഏഴാം പ്രതിയായ ജാക്കി അനിയെന്ന അനില്‍കുമാറും വധശിക്ഷക്ക് വിധിക്കപ്പെട്ട് മരണവാറണ്ടില്‍ തടവറക്കുള്ളില്‍ കഴിയുകയാണ്.
തിരുവനന്തപുരം നഗരം ഗുണ്ടാ ഭീതിയില്‍ കഴിയവേയാണ് ഒരിട വേളയ്ക്കു ശേഷം 2012ല്‍ നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു യുവാവിന്റെ ജീവന്‍ എടുത്തത്. അമ്പിളിയെ വിളിച്ചുവരുത്താനുള്ള ശ്രമത്തിനിടെയാണ് ആ സംഘവുമായി അടുപ്പുമുണ്ടായിരുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ സജി (21), സോജുവിന്റെ സംഘത്തിന്റെ അടിയും ഇടിയും കുത്തുമേറ്റു മരിച്ചത്. സജി നഗരാതിര്‍ത്തി കേന്ദ്രീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ അംഗമായിരുന്നുവെന്നു പൊലീസ് പറയുന്നു. അമ്പിളിയുടെ വലംകയ്യെന്ന് അറിയപ്പെടുന്ന സജിയെന്ന സജീവിനെ തന്ത്രപൂര്‍വം എതിര്‍ ടീമില്‍പ്പെട്ടവര്‍ വകവരുത്തുകയായിരുന്നു.
അമ്മയ്ക്കൊരു മകനെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട സോജുവിന്റെ സംഘമാണു കൊലയ്ക്കു പിന്നിലെന്നാണു പൊലീസിനു ലഭിച്ച വിവരം. സോജുവും അമ്പിളിയും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലാണ്. സോജുവിനെ വകവരുത്താന്‍ എതിര്‍സംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലില്‍ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂര്‍, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റിയെന്നു പൊലീസ് പറഞ്ഞു. 2012 ലെ കൊലക്ക് രണ്ടാഴ്ച മുന്‍പു ചൂഴാറ്റുകോട്ടയിലെത്തി എതിര്‍ സംഘാംഗങ്ങള്‍ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് വെട്ടേറ്റു മരിച്ച സജിയെന്ന സജീവ്.
നഗരാതിര്‍ത്തിയായ ചൂഴാറ്റുകോട്ടയില്‍ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നതായി പൊലീസിനറിയാം. സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ല്‍ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിര്‍സംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താന്‍ എതിര്‍ സംഘത്തിലെ തന്നെ റോബിന്‍ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ല്‍ തങ്കൂട്ടനെ കൊലപ്പെടുത്താന്‍ അമ്പിളി സഹായിച്ചതായും പൊലീസ് പറഞ്ഞു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തില്‍ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരന്‍ മുരുകന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ല്‍ നടുറോഡില്‍ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്. നഗരാതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന , നെടുങ്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് അന്തിയൂര്‍ക്കോണത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വര്‍ധിച്ചു. എന്നാല്‍ അമ്പിളിയെ കിട്ടാതെവന്നതോടെ ഏറ്റവും അടുത്ത സഹായിയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.
നാട്ടുകാര്‍ക്കും പൊലീസിനും നിത്യ തലവേദനയാണ് സോജു. കൊലക്കേസ് ഉള്‍പ്പെടെ 24 ക്രിമിനല്‍ കേസുകളില്‍ പ്രതി. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം ജയിലില്‍. എന്നാല്‍ ഗുണ്ടാ നിയമപ്രകാരം തടങ്കലില്‍ ആകുന്നവരുടെ കേസ് പുനഃപരിശോധിക്കുന്ന ഉന്നതതല റിവ്യൂ കമ്മിറ്റിക്കു പ്രിയങ്കരന്‍! സോജുവിനെ പൊലീസ് വെറുതെ പീഡിപ്പിക്കരുതെന്നു ഹൈക്കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു. അങ്ങനെ ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിന്റെ കരങ്ങള്‍ പലതരത്തില്‍ ബന്ധിച്ചിരിക്കെയാണു ഗുണ്ടാപ്പകയുടെ പുതിയ ഇര 2012 ല്‍ വീണത്. 2011 നവംബറില്‍ അമ്പിളിയെ വധിക്കാന്‍പോകുന്നതിനിടെ സോജു ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന സോജു ജയില്‍മോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്. അതിനു ശേഷം സോജുവിനെ 2012 മാര്‍ച്ചിലാണു ഫോര്‍ട്ട് എസി: രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു സോജു ഗുണ്ടകളുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒരു കിലോമീറ്ററോളം ഓടിച്ചിട്ടാണു പിടിച്ചത്. പക്ഷേ കരുതല്‍ തടങ്കലില്‍ ജയിലിലായ സോജുവിന്റെ അപ്പീല്‍ പരിഗണിച്ച കമ്മിറ്റി, ഒരു മാസം തികയും മുന്‍പേ ഇയാളെ തുറന്നുവിട്ടു. വീണ്ടും ആയുധങ്ങളുമായി ഇയാളെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴാണു സോജു ഹൈക്കോടതിയെ സമീപിച്ചത്. സോജുവിനെ അനാവശ്യമായി സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നും വെറുതെ പീഡിപ്പിക്കരുതെന്നും കോടതി പൊലീസിനു നിര്‍ദേശം നല്‍കി. അതോടെ ഏതാനും മാസമായി ഇയാള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായി സിറ്റി പൊലീസ്. ജയില്‍മോചിതനായ ശേഷവും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സോജുവും സംഘവും നാട്ടുകാരെ ഭീഷണിപ്പെടുത്തി 25,000 രൂപയോളം വാങ്ങിയതായി പൊലീസ് പറയുന്നു. ഗുണ്ടകളായ ജെറ്റ് സന്തോഷ്, പാറശാല ബിനു എന്നിവരെ വധിച്ച കേസിലെ മുഖ്യ പ്രതിയാണു സോജു. മരണപ്പെട്ട മറ്റൊരു ഗുണ്ട മൊട്ടമൂട് ഷാജിയുടെ വധത്തെത്തുടര്‍ന്നാണ് അമ്പിളി സോജുവിന്റെ ശത്രുവായത്. ശാസ്തമംഗലത്തു മംഗലം ലെയ്നില്‍ ഷാനുദീനെ തട്ടിക്കൊണ്ടുപോയി മാലയും മോതിരവും കാറും തട്ടിയെടുത്ത കേസിലും കാലടി മരുതൂര്‍ക്കടവ് പാലത്തില്‍ കൂട്ടാളികളുമായി ചേര്‍ന്നു കാര്‍ യാത്രക്കാരനെ മര്‍ദിച്ച കേസിലും പ്രതിയാണ്.
അതിനിടെ 2012 സെപ്റ്റംബര്‍ 6 ന് സജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോജു , കൂട്ടാളികളായ രഞ്ജിത്, കുന്നപ്പുഴ സാബു, കണ്ടാലറിയാവുന്ന രണ്ടു പേര്‍ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. സജിയുടെ കൊലയെക്കുറിച്ചു പൊലീസ് പറയുന്നത് : ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായ സജി, മണികണ്ഠന്‍ എന്നിവര്‍ ചൊവ്വാഴ്ച രാത്രി തിരുമലയിലെ ബാറില്‍ മദ്യപിക്കാന്‍ എത്തി. തുടര്‍ന്നു മണികണ്ഠനുമായി അടുപ്പമുണ്ടായിരുന്ന സോജുവിന്റെ സംഘത്തിലെ രഞ്ജിത് ഇയാളെ ഫോണില്‍ വിളിച്ചു പുറത്തിറക്കി. പിന്നീട് ഇയാളെ കൊണ്ടുപോയി അമ്പിളിയെ വിളിച്ചു വരുത്താന്‍ ശ്രമിച്ചു. നടക്കാതെ വന്നതോടെ ഇയാളെ മര്‍ദിക്കുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു.
തുടര്‍ന്നു മണികണ്ഠനെകൊണ്ടു സജിയെ ഫോണില്‍ വിളിച്ചു ബാറില്‍നിന്നിറക്കി. അതിനുശേഷം
മണികണ്ഠനെ കിള്ളിപ്പാലത്തിനു സമീപം കൊണ്ടുവിട്ടു. മുറിവേറ്റ മണികണ്ഠന്‍ സ്വയം ആശുപത്രിയിലെത്തി. പിന്നീടു രണ്ടു ബൈക്കിലായി എത്തിയ ഗുണ്ടാ സംഘം സജിയുടെ ഫോണില്‍നിന്ന് അമ്പിളിയെ വിളിപ്പിക്കാന്‍ ശ്രമിച്ചു. അതും നടക്കാതെ വന്നതോടെ മര്‍ദനവും കത്തിക്കുത്തും തുടങ്ങി. മുന്‍നിര പല്ലുകളെല്ലാം ഇടിച്ചിളക്കിയ സംഘം കത്തികൊണ്ടു മാരകമായി കുത്തി മുറിവേല്‍പ്പിച്ചാണു പുലര്‍ച്ചെ ഒന്നരയോടെ സ്ഥലം വിട്ടത്. പിന്നീടു സജി സ്വന്തം ഫോണില്‍നിന്ന് 108 ആംബുലന്‍സിലേക്കു വിളിച്ചെങ്കിലും അവര്‍ എത്തിയില്ല. പുലര്‍ച്ചെ നാലരയോടെ പത്ര വിതരണക്കാരാണു നെടുങ്കാട് സ്‌കൂളിനു സമീപം ഇയാള്‍ അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുന്നതു കണ്ടത്. കരമന പൊലീസ് വന്നു നോക്കിയപ്പോള്‍ മദ്യപിച്ചു ബോധം കെട്ടതാണെന്നു കരുതി 108 ല്‍ വീണ്ടും വിളിച്ചു. രക്തം വാര്‍ന്നൊലിച്ചു തളം കെട്ടിയ സ്ഥലത്തുനിന്ന് 50 മീറ്ററോളം മാറിയാണ് അപ്പോള്‍ ഇയാള്‍ കിടന്നിരുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ബോധം തെളിഞ്ഞു. അവിടെ ഡ്യൂട്ടി ഡോക്ടറോടാണു തന്നെ രണ്ടു ബൈക്കിലെത്തിയ അഞ്ചംഗ സംഘം കുത്തിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്. കഴുത്തില്‍ കിടന്ന മൂന്നു പവന്‍ മാലയും അപഹരിച്ചു. രാവിലെ എട്ടോടെ മരിച്ചു. പിന്നീട് ആശുപത്രിയില്‍നിന്ന് അറിയിച്ചപ്പോഴാണ് ഇയാള്‍ കുത്തേറ്റാണു മരിച്ചതെന്നു പൊലീസ് വിവരം അറിയുന്നത്. മണികണ്ഠന്റെ കാര്യവും ജനറല്‍ ആശുപത്രി അധികൃതരാണു പൊലീസിനെ അറിയിച്ചത്. സജിയുടെ തുടയിലും മുതുകത്തുമായി ഒന്‍പതു കുത്തേറ്റിരുന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുമുണ്ടായിരുന്നു. ഫോര്‍ട്ട് എസി: രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സിഐ: ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143 ( ന്യായവിരോധ സംഘത്തിലെ അംഗമാകല്‍ ) , 147 (ലഹളയുണ്ടാക്കല്‍) , 148 (മാരകായുധങ്ങളുമായി ലഹളയുണ്ടാക്കല്‍) , 149 (പൊതു ലക്ഷ്യത്തോടെയുള്ള കൃത്യത്തില്‍ അംഗമാകല്‍ , 342 ( അന്യായ തടങ്കലില്‍ വയ്ക്കല്‍) , 324 (മാരകായുധം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 326 ( മാരകായുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍) , 212 (കുറ്റക്കാര്‍ക്ക് സംശ്രയം നല്‍കല്‍) , 302 (കൊലപാതകം) എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്തത്.
"
https://www.facebook.com/Malayalivartha























