അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത് ഇരട്ടി വില, ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ൽ നിന്ന് 62ൽ എത്തി

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി നിൽക്കുകയാണ്. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചിരിക്കുന്നത്. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടിയിട്ടുണ്ട്. തീൻ മേശയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില കുത്തനെ ഉയർന്നതോടെ തന്നെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. ഹോട്ടൽ ഉടമകളും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.
അതോടൊപ്പം തന്നെ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ൽ നിന്ന് 62ൽ എത്തി. ആന്ധ്രയിൽ സർക്കാർ നേരിട്ട് അരി സംഭരിച്ച് തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതായിട്ടുണ്ട്. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും അരിയുടെ വരവ് കുറഞ്ഞു. കൂടാതെ ജി.എസ്.ടി.യും വില്ലനായി മാറിയിരിക്കുകയാണ്.
കൂടാതെ അരിവില നിയന്ത്രിക്കാൻ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. നാളെ മുതൽ വെള്ള നീല കാർഡുകാർക്ക് എട്ട് കിലോ അരി റേഷൻകട വഴി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കുകയുണ്ടായി.
അതേസമയം സംസ്ഥാനത്ത് മുഴുവൻ മിതമായ നിരക്കിൽ അരി എത്തിക്കാൻ അരിവണ്ടി പദ്ധതി ആരംഭിക്കും. സപ്ലൈകോ നിരക്കിൽ എല്ലാ സ്ഥലത്തും അരി വണ്ടിയിലൂടെ എത്തിക്കുന്നതാണ്. അരിവില നിയന്ത്രിക്കുന്നതിനായി ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
https://www.facebook.com/Malayalivartha























