ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിച്ച് മോഷണം: ഒറ്റയ്‌ക്ക് പോകുന്നവരുടെ പണവും സ്വർണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ പ്രധാന രീതി; യുവാക്കൾ അറസ്റ്റിൽ

കൊല്ലത്ത് ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. വഴിയാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരാണ് സംഭവത്തിൽ അറസ്റ്റിലായത്. മാത്രമല്ല കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരും പ്രായപൂർത്തിയാകാത്ത ഒരു യുവാവുമാണ് അറസ്റ്റിലായത്. ഇവരെ കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയായത്.
അതേസമയം നേരത്തെ കടപ്പാക്കട സ്വദേശിയായ കരുനാഗപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനെ സ്‌കൂട്ടറിൽ എത്തിയ യുവാക്കൾ ബിയർ കുപ്പികൊണ്ട് അക്രമിച്ച് പണം കവർന്നിരുന്നു. നിലവിൽ ഈ കേസിലാണ് സംഘത്തിനെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മർദ്ദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് സംഘത്തിലെ ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ട് പ്രതികൾ അറസ്റ്റിലായത്.
സാധാരണയായി നഗരത്തിലൂടെ ഒറ്റയ്‌ക്ക് പോകുന്നവരുടെ പണവും സ്വർണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ പ്രധാന രീതി. മുൻപ് എറണാകുളം സ്വദേശിനിയെ കൊട്ടിയത്ത് വച്ച് അക്രമിച്ച് 20,000 രൂപ കവർന്നതും ഈ സംഘമാണോ എന്ന് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha



























