മ്യൂസിയം ലൈംഗികാതിക്രമം: സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

മ്യൂസിയം ലൈംഗികാതിക്രകേസിൽ അറസ്റ്റിലായ സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാനുളള മ്യൂസിയം പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ച കേസിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
ലൈംഗികാതിക്രമ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും. മ്യൂസിയം പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം കുറവൻകോണം കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പേരൂർക്കട പൊലീസ് കോടതിയെ സമീപിക്കും.
കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലാണ് സന്തോഷ് കുടുങ്ങിയത്. അവിടെ എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിൻറെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണമാണ് സന്തോഷിന് എത്തിയത്.
മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















