കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച ക്രൂരത; സംഭവം തലശ്ശേരിയിൽ

കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ യുവാവ് ചവിട്ടി തെറിപ്പിച്ചു. തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷാണ് ക്രൂരതയ്ക്ക് ഇരയായത്. കാറിൽ ചാരി നിന്ന് കുഞ്ഞിനെ ഒരാൾ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സംഭവം കണ്ട് നാട്ടുകാർ ഇടപെടുന്നതും ശിഹ്ഷാദിനെ ചോദ്യം ചെയ്യന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ചവിട്ടേറ്റ കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റതിനെ തുടർന്ന് കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ കാറിലേക്ക് ഒന്നും മിണ്ടാതെ കയറുകയാണ് ചെയ്തത്. ഇവർ ഈ പ്രവർത്തി തടയുകയോ കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല.
രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് മര്‍ദനമേറ്റ ഗണേഷ്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. പിന്നാലെ മാധ്യമ വാർത്തകൾ വന്നതോടയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കുട്ടിയെ ആക്രമിച്ചതിനു നാട്ടുകാർ തടഞ്ഞപ്പോൾ കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് അപ്പോൾ ഇയാൾ ഉന്നയിച്ചത്. എന്നാൽ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പക്ഷെ പൊലീസ് ഇയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാൽ മതിയെന്ന് നിർദേശിച്ചു. സമീപത്തെ പാരലൽ കോളേജിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. സംഭവം വാർത്തയായതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായത്. കാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എസ്‌പിയടക്കം വിഷയത്തിൽ ഇടപെട്ടു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവർ നഗരത്തിൽ എത്തിയത്. കാറിൽ കുട്ടി തന്റെ ചാരിയത് ഇയാൾക്ക് ഇഷ്ടപ്പെടാത്തതാണ് മർദ്ദനത്തിന് കാരണം. ചവിട്ട് കിട്ടിയപ്പോൾ കുട്ടി പ്രതികരിക്കാതെ മാറി നിൽക്കുകയായിരുന്നു.എന്നാല്‍ വിഷയത്തില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷന്‍ നടപടിക്കൊരുങ്ങുകയാണ്. വിഷയത്തില്‍ കഴിയുന്നതിന്റെ പരമാവധി ഇടപെടുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു. കുട്ടിക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ അതിനുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























