മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന് ശിശുദിനമായ ഇന്ന് തുടക്കമായി

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന് ശിശുദിനമായ ഇന്ന് തുടക്കമായി. റിപ്പബ്ലിക് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടിയാണ് ആസുത്രണം ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ക്യാമ്പയിന്റെ തുടക്കം.. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. സന്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. എക്സൈസ്- പൊതുവിദ്യാഭ്യാസ വകുപ്പും വിമുക്തി മിഷനും ചേര്‍ന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവര്‍' ബോധവല്‍ക്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
അഞ്ചുമുതല്‍ പന്ത്രണ്ടുവരെ ക്ലാസിലള്ള കുട്ടികള്‍ക്കാണിത്. ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി, ആദിവാസി ഭാഷാ പതിപ്പുമുണ്ടാകും. 65 ലക്ഷം കുടുംബത്തില്‍ ലഹരിവിരുദ്ധ സന്ദേശമായി ഈ പുസ്തകമെത്തും.
ഇന്ന് എല്ലാ ക്ലാസിലും ഒരു പിരീഡ് ലഹരിവിരുദ്ധ സഭയ്ക്ക് മാറ്റിവയ്ക്കും. എട്ടിന് ചേര്‍ന്ന ഉന്നതതല സമിതിയാണ് പരിപാടികള്‍ രൂപകല്‍പ്പന ചെയ്തത്. എക്സൈസും പൊലീസും ശക്തമായ നടപടി തുടരുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
അതേസമയം ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കും. ഇതിനായി സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍, കുടുംബശ്രീ യൂണിറ്റ്, പൊതുസ്ഥലം എന്നിവിടങ്ങളിലും ഗോള്‍ ചലഞ്ച് നടക്കും.
"
https://www.facebook.com/Malayalivartha

























