കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

ഈരാറ്റുപേട്ട -ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ പനയ്ക്കപ്പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ഗുഡ്‌സ് വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. അമ്പാറ കാഞ്ഞിരപ്പാറ തെരുവുകുന്നേല്‍ ജോര്‍ജിന്റെ മകന്‍ വിപിന്‍ (26), ഈരാറ്റുപേട്ട അരുവിത്തുറ മന്തതുണ്ടിയില്‍ തോമസിന്റെ മകന്‍ തോമസ് തോമസ് (ടോണി തോമസ്-19) എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം ആറേകാലോടെയാണു സംഭവം. പാലായില്‍ നിന്നു ഈരാറ്റുപേട്ട ഭാഗത്തേക്കുവരികയായിരുന്ന കെഎസ്ആര്‍ടിസി ബസും ഈരാറ്റുപേട്ടയില്‍നിന്നു പാലായിലേക്കു പോകുകയായിരുന്ന ടെമ്പോ ഗുഡ്‌സ് വാനും തമ്മില്‍ പനയ്ക്കപ്പാലത്തിനു സമീപമാണു കൂട്ടിയിടിച്ചത്. മരിച്ച വിപിന്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടൊമ്പോ വാനിന്റെ ഡ്രൈവറും ടോണി സെയില്‍സ്മാനുമാണ്. പാലായിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
വിപിന്‍ സംഭവ സ്ഥലത്തും ടോണി ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിന്റെ ഭാര്യ ഫ്രെണ്ട്‌സി. അമ്മ ഏലിക്കുട്ടി. വിന്‍സെന്റ് ഏക സഹോദരന്‍. ബിന്ദുവാണ് ടോണിയുടെ മാതാവ്. സഹോദരങ്ങള്‍: സോമന്‍, സോണിയ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha