പി.സി. ജോര്‍ജിന്റെ രാജി സ്വീകരിക്കില്ല, ഇന്ന് വിധി

കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്നു അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് സ്പീക്കര്‍ എന്‍. ശക്തന്‍ വിധി പ്രഖ്യാപിക്കും. പരാതി അംഗീകരിച്ച് ജോര്‍ജിനെ അയോഗ്യനാക്കാനാണ് സാദ്ധ്യത.
നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് പി.സി. ജോര്‍ജ് ഇന്നലെ സ്പീക്കര്‍ക്ക് കൈമാറിയെങ്കിലും അതു സ്വീകരിച്ചിട്ടില്ല. ജോര്‍ജിന് എതിരെ നാലു മാസമായി തുടരുന്ന കേസില്‍ ഇന്ന് വിധി പറയാനിരിക്കെ അതിന് തൊട്ടുമുമ്പ് നല്‍കിയ രാജി സ്വീകരിക്കുന്നതില്‍ നിയമപ്രശ്‌നമുണ്ടെന്ന നിലപാടിലാണ് സ്പീക്കര്‍.
ജോര്‍ജിനെ ഇന്ന് അയോഗ്യനാക്കിയാല്‍ സ്വാഭാവികമായും രാജിക്കത്തിന്റെ പ്രസക്തി നഷ്ടമാകും. മറിച്ച് രാജി സ്വീകരിച്ചാല്‍ ഇന്നത്തെ വിധിക്ക് പ്രസക്തിയില്ലാതാകും.
കൂറുമാറ്റ നിരോധന നിയമ പ്രകാരം പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന്റെ നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനാണ് പരാതി നല്‍കിയത്. അയോഗ്യനാക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് ജോര്‍ജ് ഇന്നലെ രാവിലെ തന്നെ രാജിക്കത്ത് നല്‍കിയത്. ഇന്നലെ തെളിവെടുപ്പിന് എത്തിയപ്പോഴാണ് ജോര്‍ജ് സ്പീക്കര്‍ക്ക് മുന്നിലിരുന്ന് രാജി എഴുതി നല്‍കിയത്.
സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരായി ഒരു അംഗം സ്വന്തം കൈപ്പടയില്‍ രാജിക്കത്ത് നല്‍കിയാല്‍ അത് ഉടന്‍ സ്വീകരിച്ച് ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കണം എന്നതാണ് ചട്ടമെന്നും അത് ലംഘിച്ചാല്‍ സ്പീക്കര്‍ക്ക് നിയമ നടപടി നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
എന്നാല്‍ നാലു മാസമായി തുടരുന്ന കേസില്‍ വിധി പ്രഖ്യാപിക്കുന്ന തീയതിയും സമയവും പ്രഖ്യാപിച്ച ശേഷം രാജി നല്‍കിയാല്‍ സ്വീകരിക്കണോ എന്നു തീരുമാനിക്കാന്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം ഉണ്ടെന്ന നിലപാടിലാണ് സ്പീക്കറുടെ ഓഫീസ്.
ജൂലായ് 21-നാണ് ഉണ്ണിയാടന്‍ പരാതി നല്‍കിയത്. അയോഗ്യനാക്കാനാണ് തീരുമാനമെങ്കില്‍ ഈ ദിവസം മുതലാണ് അയോഗ്യനാവുക. അങ്ങനെ വന്നാല്‍ അതിനു ശേഷമുള്ള ദിവസം നല്‍കിയ രാജിക്കത്തിന് പ്രസക്തി ഇല്ലാതാകും.
കേസിന്റെ തെളിവെടുപ്പ് ഘട്ടത്തില്‍ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു എന്നും ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതല്ലാതെ അങ്ങനെ തെളിവെടുപ്പില്‍ എവിടെയും എഴുതി നല്‍കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു.
കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കിയാല്‍ നിലവിലെ നിയമസഭാംഗത്വം നഷ്ടപ്പെടുമെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























