തുറന്ന ചിരി, നല്ല മുഖ പ്രസന്നത, എല്ലാവര്‍ക്കും നന്ദി; ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല, രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറുപടി പാലയില്‍, മാണിസാര്‍ പാലായ്ക്ക് യാത്ര തിരിച്ചു

എല്ലാത്തിനും നന്ദി ഞാന്‍ തിരിച്ചുവരും എന്നു പറഞ്ഞ് കെ എം മാണി പാലായ്ക്ക് യാത്രയായി. തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് സ്വന്തം മണ്ഡലമായ പാലയില്‍ മറുപടി നല്‍കാമെന്ന് ധനമന്ത്രി സ്ഥാനം ഒഴിഞ്ഞ കെ എം മാണി. ഇതുവരെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്തിയില്‍ നിന്നും പാലയ്ക്ക് തിരിക്കും മുമ്പാണ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. സംശയങ്ങള്‍ ദൂരീകരിച്ച് താന്‍ മടങ്ങിവരും. ആരോടും പരിഭവും വിദ്വേഷവും ഇല്ല. എല്ലാവര്‍ക്കും നന്ദി. അല്‍പസമയത്തേക്ക് ദുര്‍ബലനാക്കിയാലും ദൈവം ശക്തനാക്കും. ഭരണ നേട്ടങ്ങളിലാണ് തന്റെ സംതൃപ്തിയെന്നും മാണി പറഞ്ഞു.
പട്ടം മുതല്‍ പാലാ വരെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് മാണി യാത്രയാവുന്നത്. മാണിയുടേയും കേരളകോണ്‍ഗ്രസിന്റെയും ശക്തിപ്രകടനം തന്നെയാണ് ലക്ഷ്യമെന്നു വ്യക്തം. പട്ടത്തുനിന്നാണ് യാത്ര പുറപ്പെടുന്നത്. തുടര്‍ന്നു കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളിലും സംസാരിക്കും. ഏറ്റവുമൊടുവില്‍ പാലായിലും.
സങ്കടത്തോടെയല്ല, സന്തോഷത്തോടെയാണ് താന്‍ മന്ത്രിപദമൊഴിഞ്ഞതെന്ന് സെക്രട്ടേറിയറ്റിലെ നിയമ, ധന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പു ചടങ്ങില്‍ മാണി പറഞ്ഞു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിമാരായ കെ.എം എബ്രഹാം, ജയിംസ് വര്‍ഗീസ്, ലോട്ടറി ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കേരളകോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനം മുതല്‍ അനുഗമിക്കും. പാലായിലെ യോഗത്തില്‍ മന്ത്രി പി.ജെ. ജോസഫ് അടക്കം പങ്കെടുക്കും. ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ടു മാണി യാത്ര പറഞ്ഞു. ധന, നിയമവകുപ്പിലെ ഉദ്യോഗസ്ഥരും പഴ്‌സനല്‍ സ്റ്റാഫിലുള്ളവരും രണ്ട് പ്രത്യേക യോഗങ്ങള്‍ വിളിച്ചു മാണിക്കു വികാരനിര്‍ഭരമായ യാത്രയയപ്പു നല്‍കി. അറിഞ്ഞുകൊണ്ട് തന്റെ ഭാഗത്തുനിന്നു പാഴ്‌വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടില്ലെന്നു മാണി പറഞ്ഞു.
തിരിച്ചുവരവില്‍ തനിക്ക് താത്പര്യമില്ലെന്നും തന്നെ കേള്‍ക്കാതെയുള്ള കോടതിവിധി കാര്യമായെടുക്കുന്നില്ലെന്നും കെഎം മാണി എംഎല്‍എ പറഞ്ഞു. തന്റെ ഔദ്യോഗിക പദവിയോ പേനയോ ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഉപയോഗിച്ചിട്ടില്ല. ഒരു മനസാക്ഷിക്കുത്തുമില്ലാതെ തനിക്ക് കേരളത്തില്‍ എവിടെയും കടന്നു ചെല്ലാം. ഹൈക്കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ല. തന്നെ കേള്‍ക്കാതെയുള്ള വിധി ഗൗരവമായെടുക്കുന്നില്ല. തനിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നാളെ ഒഴിവാകും എന്നും മാണി പറഞ്ഞു. കേരളാ രാഷ്ട്രീയത്തില്‍ പകരം വെക്കാനില്ലാത്ത അതികായകന്റെ മടക്കം. തിരിച്ചുവരവ് എപ്രകാരമെന്ന് കാലവും ജനങ്ങളും തീരുമാനിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























