കാൽപ്പന്തുകളിയെ ധ്യാനിച്ചെത്തിയവരുടെ പറുദീസയായി തമീം അൽതാനിയുടെ നാട് മാറിയത് എത്ര വേഗമാണ്; "ലോകമേ തറവാടെന്ന" ഭാരതീയ ദർശനവും മൈതാനത്തെ ഇന്ത്യൻ സാന്നിദ്ധ്യത്തിലൂടെ മനസ്സുകൾ കീഴടക്കും; ഖത്തറിലെ ഫുട്ബോൾ പൂരം വിവിധ സമൂഹങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുക്കും; ഞങ്ങൾക്കിടയിലെ അകൽച്ചയകറ്റും; ഫുട്ബോൾ പൂരം അകൽച്ചയകറ്റുമെന്ന് കെ ടി ജലീൽ

ഫുട്ബോൾ പൂരം അകൽച്ചയകറ്റുമെന്ന നിർണായക കുറിപ്പ് പങ്കു വച്ച് കെ ടി ജലീൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഫുട്ബോൾ പൂരം അകൽച്ചയകറ്റും.
സിനിമാ ലോകത്തെ എക്കാലത്തെയും ഇതിഹാസമാണ് മോർഗൻ ഫ്രീമാൻ. അഭിനയ മികവിനൊപ്പം ശബ്ദ ഗാംഭീര്യവും അകമ്പടി ചേർന്നപ്പോൾ ആരാധകരുടെ കൺകണ്ട ദൈവമായി മാറിയ മഹാനടൻ. ലോക പ്രശസ്തനായ അമേരിക്കൻ അഭിനയ ചക്രവർത്തിയായ ഫ്രീമാൻ, ഓസ്കാർ നോമിനേഷനും ഗോൾഡൻ ഗ്ലോബ് നോമിനേഷനും അഞ്ചു തവണ സ്വന്തമാക്കി. ഒരു തവണ ഓസ്കറും ഗോൾഡൻ ഗ്ലോബും നേട്ടത്തിൻ്റെ പട്ടികയിൽ എഴുതിച്ചേർത്തു.
മോർഗൻ ഫ്രീമാൻ്റെ ശബ്ദത്തിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം. എങ്ങനെ മരിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ഒരാൾ പറഞ്ഞ മറുപടി ഇങ്ങനെയാണ്; "ക്ലിൻ്റ് ഈസ്റ്റ്വുഡ് എന്നെ വെടിവെക്കുന്ന പശ്ചാത്തലത്തിൽ മോർഗൻ ഫ്രീമാൻ്റെ വോയ്സ് ഓവറിൽ മരിക്കണം".
എൺപത്തിയഞ്ചു പിന്നിട്ട അദ്ദേഹം ഇന്നും ലോക സിനിമയിൽ സജീവ സാന്നിദ്ധ്യമാവണമെങ്കിൽ മോർഗൻ്റെ കഴിവിൻ്റെ ആഴം ഊഹിക്കാവുന്നതേയുള്ളൂ.
പ്രതിഭാധനനായ മോർഗൻ ഫ്രീമാൻ, കഷ്ടപ്പാടുകളുടെ പർവ്വങ്ങൾ താണ്ടിയാണ് ഉയർച്ചയുടെ ഉത്തുംഗതയിലെത്തിയത്. ഒരു മികച്ച സിനിമയിൽ അദ്ദേഹം എത്തിപ്പെട്ടത് അമ്പതാം വയസ്സിലാണ്. വംശവെറിയൻമാരുടെ നിരന്തരമായ അവഗണനകൾക്കും തിരസ്കാരങ്ങൾക്കും മോർഗനിലെ കലാകാരനെ ഊതിക്കെടുത്താൻ കഴിഞ്ഞില്ല.
ലോകം മുഴുവൻ വാഴ്ത്തപ്പെടുന്ന വെളുത്ത നിറമുള്ള സ്റ്റീരിയോടൈപ്പ് ദൈവ സങ്കൽപ്പത്തെ തകർത്ത ഫ്രീമാൻ്റെ ''ബ്രൂസ് ഓൾമയ്റ്റി" എന്ന ചിത്രം വിവിധ അർത്ഥ തലങ്ങളുടെ ചിന്താ പ്രപഞ്ചമാണ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്. അമേരിക്കയുടെ അഭിമാനഭാജനത്തെ നേർകണ്ണു കൊണ്ട് ഒരു വേദിയിൽ ലോക ജനതയുടെ പരിച്ഛേദം കണ്ടത് ഇരുപത്തിരണ്ടാമത് ലോകകപ്പ് ഫുട്ബോളിൻ്റെ ഉൽഘാടന ചടങ്ങിലാകും. ഫ്രീമൻ ആർത്തിരമ്പുന്ന കാൽപ്പന്തുകളിയുടെ ആരാധകർക്കിടയിലേക്ക് പതുക്കെ കടന്നു വരുന്ന രംഗം ലോകോത്തര സിനിമയിലെന്ന പോലെയാണ് തോന്നിച്ചത്.
വേദിയുടെ മറ്റേ അറ്റത്ത് ഭിന്നശേഷിക്കാരനും മിഡിലീസ്റ്റിലെ അറിയപ്പെടുന്ന യു ട്യൂബറും പ്രായംകുറഞ്ഞ സംരഭകനുമായ ഗനീം അൽ മുഫ്തഹ് മോർഗൻ ഫ്രീമാനെ സ്വാഗതം ചെയ്തു. പിന്നെ ഇരുവരും ചലചിത്രത്തിലെന്ന പോൽ നടന്നടുത്തു. ഗനീമിന്റെ അടുത്തെത്തിയ മോർഗൻ അദ്ദേഹത്തെ ഹസ്തദാനം ചെയ്തു. ചെകിടടപ്പിക്കുന്ന കരഘോഷങ്ങൾക്കിടയിൽ അടുത്ത ദൃശ്യത്തിനായി കോടാനുകോടി കണ്ണുകൾ ഇമ വെട്ടാതെ നോക്കിയിരുന്നു.
എന്തോ ചിലത് പറയാനുണ്ടെന്ന മട്ടിൽ മോർഗൻ ആ ചെറിയ മനുഷ്യനെ മുഖാമുഖം കാണാൻ നിലത്തിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോർഗൻ ഫ്രീമാനും കൈകൾ പാദമാക്കാത്ത ഗനീം അൽ മുഫ്തഹിനും അപ്പോൾ ഒരേ ഉയരത്തിലായി. തുടർന്ന് നടന്നത് ലോകം ഇന്നോളം കേൾക്കാത്ത ചില സംഭാഷണ ശകലങ്ങളാണ്. അതിൽ സ്നേഹം മുറ്റി നിന്നു. സംസ്കാരങ്ങൾ സമന്വയിച്ചു. ഭാഷാ വൈജാത്യങ്ങൾ പൊയ് മറഞ്ഞു. വംശീയത തകർന്നടിഞ്ഞു. അംഗ പരിമിതികൾ അപ്രത്യക്ഷമായി.
മാനവികത വളർന്ന് പന്തലിച്ചു. ശാന്തിമന്ത്രങ്ങൾ പ്രതിധ്വനിച്ചു. പ്രതീക്ഷയുടെ കിരണങ്ങൾ പ്രസരിച്ചു. ഐക്യത്തിൻ്റെ പരിമളം പരന്നു. മനുഷ്യനൊന്നാണെന്ന സന്ദേശം തുളുമ്പി. മോർഗൻ ഫ്രീമാൻ ചോദിച്ചു: "ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുക?"
ഗനീം അൽ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുർആനിലെ ഒരു വാചകം ഉരുവിട്ടു: "ഹേ; മനുഷ്യരേ! നിശ്ചയം, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരാശിയെ വിവിധ ഗോത്രങ്ങളും വർഗ്ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ദൈവത്തിൻ്റെ അടുക്കൽ ശ്രേഷ്ഠതയുടെ മാനദണ്ഡം ധർമനിഷ്ഠയത്രെ". ഗനീം അൽ മുഫ്തഹ് തുടർന്നു: "നമ്മൾ ഈ ഭൂമിയിൽ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയാണ്. അതുകൊണ്ടു തന്നെ പരസ്പരം മനസ്സിലാക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും നിഷ്പ്രയാസം സാധിക്കും".
മോർഗൻ ഫ്രീമാൻ ചോദിച്ചു: "അതെ. എനിക്കതിവിടെ കാണാൻ കഴിയുന്നു. ഈ നിമിഷത്തിൽ നമ്മെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്നത് ഒരേ വികാരമാണ്. മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല ചേർത്തു നിർത്തുകയാണ് വേണ്ടത്. എക്കാലവും നമുക്കത് സുദൃഢമാക്കണം. എങ്ങനെയാണ് അതിന് കഴിയുക?" ഗനീം അൽ മുഫ്തഹ് പ്രത്യുത്തരമായി മൊഴിഞ്ഞു: "സഹിഷ്ണുതയിൽ വർത്തിച്ചും അന്യോന്യം ബഹുമാനിച്ചും നമുക്ക് ജീവിക്കാം. ഒരു വലിയ വീട്ടിലാണ് നാം വസിക്കുന്നത്. ഇവിടെ തടിച്ചുകൂടിയിരിക്കുന്നവരെല്ലാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ വസതിയിലേക്കാണ്".
മോർഗൻ ഫ്രീമാൻ: "അതായത് നമ്മൾ ഒരു വലിയ കുടുംബമായാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. എല്ലാവരെയും ചേർത്തുവെക്കാൻ കഴിയുന്ന കൂടാരമാണ് വിശാലമായ ഭൂമി " ഗനീം അൽ മുഫ്തഹ്: "അതെ, നമുക്കൊരുമിച്ച് നിന്ന് ഈ ലോകം മുഴുവൻ ഒന്നാകണമെന്ന് ആഹ്വാനം ചെയ്യാം". രണ്ടു ധ്രുവങ്ങളിലെന്ന് കരുതുന്ന ഇരുവരും നടു നിവർത്തി നിന്നു. മോർഗൻ ഫ്രീമാൻ ഗനീമിനു നേരെ കൈകൾ നീട്ടി. ഗനീം ആ കരം ഗ്രഹിച്ചു. സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും പുതിയ പ്രഭാതങ്ങൾക്കായി വെളിച്ചം മെല്ലെമെല്ലെ
മാഞ്ഞു. നിർത്താത്ത കയ്യടികൾ കൊണ്ട് സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. ഫുട്ബോളിനെ മാത്രം പ്രണയിച്ചെത്തിയവർക്ക് ഖത്തറിലെ ഫുട്ബോൾ മഹോൽസവം ആഘോഷിച്ചു തിമർക്കാം. വിവിധോദ്ദേശ പദ്ധതിക്കാരുടെ കുശുകുശുക്കലുകൾ യഥാർത്ഥ ഫുട്ബോൾ ഭ്രമത്തിൻ്റെ ആരവങ്ങളിൽ അലിഞ്ഞില്ലാതാകും. കാൽപ്പന്തുകളിയെ ധ്യാനിച്ചെത്തിയവരുടെ പറുദീസയായി തമീം അൽതാനിയുടെ നാട് മാറിയത് എത്ര വേഗമാണ്."ലോകമേ തറവാടെന്ന" ഭാരതീയ ദർശനവും മൈതാനത്തെ ഇന്ത്യൻ സാന്നിദ്ധ്യത്തിലൂടെ മനസ്സുകൾ കീഴടക്കും. ഖത്തറിലെ ഫുട്ബോൾ പൂരം വിവിധ സമൂഹങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുക്കും. ജനങ്ങൾക്കിടയിലെ അകൽച്ചയകറ്റും. തീർച്ച.
https://www.facebook.com/Malayalivartha























