തൃശൂർ എരുമപ്പെട്ടിയിൽ ലേലത്തിനെടുത്ത പറമ്പിൽ ജ്യോതിഷിയുടെ പ്രത്യേക പൂജ: രണ്ട് ദിവസമായി തുടർന്ന അസാധാരണ പൂജയിൽ ഞെട്ടിയ നാട്ടുകാർ ഒത്തുകൂടിയപ്പോൾ പൊക്കിയത് എയർ ഗണ്ണും, കത്തിയും, കോടാലിയും:- പൂജ ഭൂമി ദോഷം മാറ്റാനെന്ന് പോലീസിന് മൊഴി നൽകിയ ജ്യോതിഷി, വിശേഷ പൂജ തടസ്സപ്പെടുത്തിയ നാട്ടുകാർക്കെതിരെ പരാതി നൽകി...

തൃശൂർ എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രി ദുരൂഹപൂജ. പൂജാരിയുടെ കയ്യിൽ നിന്ന് എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി. മൂള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വരവൂർ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ രണ്ടു ദിവസമായി തീയും, ചില ആളുകളുടെ സാന്നിധ്യവും കണ്ടതിനെ തുടർന്ന് നാട്ടുകാർ കഴിഞ്ഞ ദിവസം അര്ധരാത്രിയോടുകൂടി ഇവിടേയ്ക്ക് എത്തുകയായിരുന്നു.
വരുമ്പോൾ കണ്ട കാഴ്ച പൂജപോലെ ഒരു ചടങ്ങ് നടക്കുന്നതായിരുന്നു. തുടർന്ന് പൂജ നടത്തിയ സതീശനെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് എയർ ഗണ്ണും, വെട്ടുകത്തിയും, മടക്ക് കത്തിയും, കോടാലിയും കണ്ടെത്തിയത്.
വിശദമായി ചോദ്യം ചെയ്തപ്പോൾ, ഭൂമിക്ക് ഒരു ദോഷമുണ്ടെന്നും, അത് മാറാനാണ് പൂജയെന്നും സതീശൻ പറഞ്ഞു. സതീശൻ ഒരു ജ്യോതിഷിയാണെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ ലേലത്തിൽ വാങ്ങിയ ഭൂമിയാണ് ഇത്. ഈ ഭൂമിയുടെ ദോഷം തീർക്കാനാണ് പൂജ നടത്തിയതെന്നാണ് ഇയാളുടെ വിശാദീകരണം. നാട്ടുകാർ ഭയചകിതരായാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പോലീസ് ഇയാളുടെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. കൃത്യമായി മനസിലാക്കിയതിനു ശേഷമായിരിക്കും ഇയാൾക്കെതിരെ കേസ് നടപടികൾ സ്വീകരിക്കുന്നത്. നാട്ടുകാർ പൂജ തടസ്സപെടുത്തിയെന്ന് കാട്ടി സതീശനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇക്കാര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഒരു നാട്ടിൻപുറത്ത് അസാധാരണമായ രീതിയിൽ പൂജ നടക്കുന്നത്കണ്ട്, നേരത്തെ നടന്ന ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ ഇയാളെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha