വാവയെ പൊക്കാനുറച്ച് വനം വകുപ്പ് സംഘം... മൈക്ക് പോഡിയത്തിൽ ഉഗ്രവിഷമുള്ള മൂർഖൻ

വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നവംബര്‍ 28-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്.
പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്ന് കേട്ടത്.
പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം വകുപ്പ് താമരശ്ശേരി റേഞ്ച് ഓഫീസർ രാജീവ് പറഞ്ഞു. സംഘാടകരുടെ അനുമതിയോടെയല്ല പാമ്പിനെ എത്തിച്ചതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
അശാസ്ത്രീയമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷിന്റെ രീതിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ അവസാനമായി മൂർഖൻ പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റ് അതീവഗുരുതര നിലയില്‍ നിന്ന് രക്ഷപ്പെട്ട് വന്നശേഷം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പിനെ പിടിക്കില്ലെന്ന് വാവ സുരേഷ് ഉറപ്പുനല്‍കിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏറെ നാൾ വിദഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























