തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ? സർക്കാരിനെ തട്ടിപ്പ് പൊളിച്ചടുക്കി ഗവർണർ... കോടതിയിൽ സർക്കാരിനെ നിർത്തി പൊരിച്ച് ഗവർണർ...

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരായി നിയമിക്കപ്പെടാൻ സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യതയുള്ളവർ ഇല്ലായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്. വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തവരിൽ യോഗ്യതയുളളവർ ഇല്ലായിരുന്നെന്നും സദുദ്ദേശത്തോടെയാണ് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ ഹൈക്കോടതിയെ അറിയിച്ചു.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. സിസക്ക് നിയമനം നൽകിയതെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ കോടതി ഗവർണറോട് ആരാഞ്ഞിരുന്നു. യോഗ്യതയുണ്ടോയെന്നതല്ല സിസ തോമസിന്റെ സീനിയോരിറ്റിയാണ് കോടതിക്ക് പരിശോധിക്കേണ്ടതെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നും കോടതി ചൂണ്ടിക്കാട്ടി. മറുപടി നൽകിയ ഗവർണർ സീനിയോറിറ്റി അനുസരിച്ച് നാലാമതായിരുന്നു ഡോ. സിസ തോമസെന്ന് വ്യക്തമാക്കി.
തസ്‌തിക വച്ചുള്ള യോഗ്യത നോക്കുമ്പോൾ സിസ തോമസ് ലിസ്‌റ്റിൽ നാലാമതായിരുന്നു. പക്ഷേ, ഇത്തരത്തിലുള്ള നിയമനത്തിന് സീനിയോരിറ്റയല്ല പരിഗണനയാണ് മാനദണ്ഡമെന്ന് ഗവർണറുടെ അഭിഭാഷകൻ വാദിച്ചു. സർവകലാശാലയുടെ പ്രവർത്തനങ്ങൾ നിശ്ചലമാകാതിരിക്കുക എന്ന ഉദ്ദേശ്യം കൂടി ഗവർണർക്കുണ്ട്. വിദ്യാർത്ഥികളുടെ ഭാവി മനസിൽ കണ്ടാണ് ഇത്തരമൊരു നിയമനവുമായി മുന്നോട്ടു പോയത്.
അതോടൊപ്പം, ചാൻസലർ എന്ന നിലയിൽ ഗവർണർ വഹിക്കുന്ന പദവികൾക്കെതിരായി സർക്കാർ നൽകി ഹർജി നിലനിൽക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, ഹർജി ഗവർണർക്കെതിരെയല്ലെന്നും, ചാൻസലർക്കെതിരെയാണെന്നും കോടതി നിരീക്ഷിച്ചു. ഗവർണർ ചാൻസലർ ആയി എന്ന പ്രത്യേകത മാത്രമേയുള്ളൂവെന്നും കോടതി പറഞ്ഞു.
സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ കടുത്ത അതൃപ്തി ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു. വി.സിയായി ഡോ.സിസ തോമസിനെ ചാൻസലർ കണ്ടെത്തിയത് എങ്ങനെയെന്നും ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ഗവർണർ ഇപ്പോൾ നൽകിയിരിക്കുന്നത്.
വൈസ് ചാൻസിലറിനെ നിയമിക്കാതെ സർവകലാശാല പ്രവർത്തനങ്ങൾ നിശ്ചലമാകരുതെന്ന സദ്ദുദ്ദേശത്തോടെയാണ് വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ഡോ. സിസ തോമസിന് നിയമനം നടത്തിയതെന്നും ഗവർണർ വിശദീകരിച്ചു. പ്രൊ വിസിക്ക് അധ്യാപന പരിചയമുണ്ടോ എന്ന് സർവകലാശാലയോട് കോടതി ചോദിച്ചു. പത്ത് വർഷം അധ്യാപന പരിചയമുണ്ടെന്ന് റജിസ്ട്രാർ മറുപടി നൽകി. ചാൻസിലർ സംസ്ഥാനത്തിന്റെ ഗവർണർ കൂടിയാണ്. എക്സ്യൂക്യൂട്ടീവ് അധികാരങ്ങൾ ഗവർണർക്കുണ്ടെന്നും ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു.
ഇത്തരം തർക്കങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയും സർവകലാശാലയുടെ വിശ്വാസ്യതയുമാണ് ഇതിലൂടെ തകരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. ഹർജികളിൽ തിങ്കളാഴ്ച വാദം തുടരും. വി.സിയെ നിയമിച്ചപ്പോൾ സർക്കാരുമായി കൂടിയാലോച്ചിരുന്നോ, മറ്റ് വി.സിമാർക്കും പ്രോ വൈസ് ചാൻസലർക്കും വി.സിയുടെ ചുമതല നൽകാമായിരുന്നില്ലേ എന്നും ഗവർണറുടെ അഭിഭാഷകനോട് കോടതി കഴിഞ്ഞ ദിവസം ചോദിച്ചു. ഇക്കാര്യത്തിൽ ചാൻസലർക്ക് സത്യവാങ്മൂലം നൽകാമെന്നും വ്യക്തമാക്കി.
എന്നാൽ വിസി നിയമനത്തിന് സിനിയോരിറ്റിയല്ല പരിഗണനാ മാനദണ്ഡമെന്ന് ചാൻസിലർ കോടതിയിൽ വാദിച്ചു. അതിനാൽ തനിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നും ഗവർണർ കോടതിയിൽ നിലപാടെടുത്തു. സർക്കാരിന് ഗവർണറുടെ തീരുമാനങ്ങൾ മറികടക്കാനാവില്ലെന്നു ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ ഗവർണർക്കെതിരെയല്ല ചാൻസലർക്കെതിരെയാണ് ഹർജിയെന്ന് കോടതി മറുപടി നൽകി.
നിയമനവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നെന്നും സർക്കാർ ആദ്യം നിർദ്ദേശിച്ച ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലായിരുന്നെന്നും ഗവർണറുടെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. പകരം നൽകിയ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉണ്ടായിരുന്നില്ല. പി.വി.സിയുടെ പേര് സർക്കാർ ശുപാർശ ചെയ്തതുമില്ല.
വി.സിയായി പ്രവർത്തിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനുണ്ടെന്നും ഡോ. സിസ തോമസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ സർട്ടിഫിക്കറ്റുകൾ എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നായിരുന്നു സർവകലാശാലയുടെ വാദം. വിസി നിയമനത്തിലെ സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്ന് വാദത്തിനിടെ പരാമർശിച്ചു.
ഗവർണറുടെ നടപടിയെയാണ് സർക്കാർ ചോദ്യം ചെയ്യുന്നതെന്ന് ഗവർണറുടെ അഭിഭാഷകൻ വീണ്ടും അറിയിച്ചു. ഇതോടെ ഗവർണർക്ക് എതിരെയാണ് ഹർജിയെങ്കിൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പക്ഷേ ചാൻസലർക്കെതിരെ ഹർജി നൽകാമെന്നും കോടതി നിലപാടെടുത്തു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസ തോമസിനെ വി.സിയായി ഏകപക്ഷീയമായി ചാൻസലർ നിയമിച്ചെന്നാരോപിച്ച് സർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വാശിയും വൈരാഗ്യവുമല്ല, പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും ഇരുകൂട്ടരും ആത്മാർത്ഥത കാണിച്ചാൽ ഉടൻ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്നു കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























