റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും... ആദ്യ ഘട്ടത്തില്‍ നാലു നഗരങ്ങളില്‍ മാത്രം....

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. മുംബൈ, ദില്ലി, ബെംഗലൂരു, ഭുവനേശ്വര്‍ എന്നീ 4 നഗരങ്ങളില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും.
ആദ്യത്തെ ഘട്ടത്തില്‍ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആര്‍ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ പ്രാബല്യത്തിലുള്ള കറന്‍സിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുന്നത്. ഡിജിറ്റല്‍ വാലറ്റില്‍ മൊബൈല്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇടപാടുകള്‍ നടത്താനുമാകും.
ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ റുപ്പിയുടെ പ്രഖ്യാപനത്തിന് വഴിവെച്ചത്്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിന്‍ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ അല്ല ഇ റുപ്പിയിലേത്. അച്ചടിച്ച നോട്ടുകള്‍ക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി എന്ന് ഒറ്റവാക്കില്‍ പറയാം.
പൊതുവേ ഡിജിറ്റല്‍ കറന്‍സി എന്നു പറയുമ്പോഴും ഇവിടെ ഇ റുപ്പിക്ക് ഒരു വ്യത്യാസമുണ്ട്. അത് ഇ റുപ്പിയുടെ ഉത്തരാവാദിത്തം ബാങ്കുകള്‍ക്കല്ല നേരിട്ട് റിസര്‍വ്ബാങ്കിനാണ് ആണ് എന്നതാണ്. ഇന്ന് മുതല്‍ ഇ റുപ്പി സാധാരണ ഇടപാടുകാര്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുകയാണ്. ഘട്ടം ഘട്ടമായി പരീക്ഷിച്ച് മാത്രമേ ഇ റുപ്പി പൂര്‍ണതോതില്‍ നടപ്പാക്കൂ എന്നാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ഘട്ടത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള 9 നഗരങ്ങളില്‍ ഇ റുപ്പി കൊണ്ടു വരും.
https://www.facebook.com/Malayalivartha























