അരുൺകുമാറിനെതിരായ പന്ത് ആരിഫ് മുഹമ്മദ് ഖാൻ്റെ കോർട്ടിൽ, പണി തെറിക്കാതിരുന്നാൽ ഭാഗ്യം, രക്ഷിക്കാൻ ഓട്ടം തുടങ്ങി സഖാക്കൾ, സർക്കാരിനല്ല ആർക്കും തന്നെ അരുണിനെ രക്ഷിക്കാൻ കഴിയില്ല, അയയാതെ ഗവർണറും

അരുൺകുമാറിനെതിരായ പന്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കോർട്ടിൽ. യു.ജി.സിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാൻസലർ എന്ന നിലയിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നത്.അതേ സമയം കേരള സർവകലാശാല അധ്യാപകൻ ഡോ. അരുൺ കുമാറിനെ രക്ഷിക്കാൻ സി പി എം നേതൃത്വം രംഗത്തെത്തി.. അരുൺകുമാറിനെതിരെ കേരള സർവകലാശാലയോട് വിശദാശംങ്ങൾ തേടി യുജിസി കത്ത് അയച്ചതോടെയാണ് അരുൺ എ.കെ.ജി.സെൻററിൽ എത്തി തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ചില സി പി എം നേതാക്കൾ തന്നെ സ്ഥിരീകരിക്കുന്നു.
യുജിസി ജോയിൻറ് സെക്രട്ടറിയാണ് അരുണിനെതിരെ അന്വേഷണം നടത്താൻ കേരള സർവകലാശാലക്ക് കത്ത് നൽകിയത്. പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചുള്ള പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി കിട്ടിയത്. കേരള സർവകലാശാല ഇപ്പോൾ എ.കെ.ജി സെൻററിൻ്റെ ബ്രാഞ്ച് കമ്മിറ്റി പോലെയാണ് പ്രവർത്തിക്കുന്നത്. അതു കൊണ്ടു തന്നെ അരുണിനെ രക്ഷിക്കാതിരിക്കാൻ കേരള സർവകലാശാലക്ക് കഴിയില്ല.
ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺ കുമാറിനെതിരെ യുജിസിക്ക് പരാതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.
ഈ പരാതിയിൽ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിൻറ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്. അതേസമയം, കലോത്സവ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. കലോത്സവ വേദിയിൽ ഭക്ഷണം പാകം ചെയ്യില്ലെന്ന തീരുമാനത്തിൽ നിന്ന് പഴയിടം പിന്മാറുമെന്നാണ് പ്രതീക്ഷയെന്ന് കുറിച്ചിത്താനത്തെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും മന്ത്രിയുമായ വി എൻ വാസവൻ പറഞ്ഞു.അരുണിനെ പ ഴയിടത്തിന് മുന്നിൽ മന്ത്രി തള്ളി പറഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ.
പഴയിടത്തെ പിണക്കാനുള്ള നീക്കത്തിൽ മുന്നാക്ക സമുദായങ്ങൾക്കിടയിൽ നിന്നും വൻ പ്രതിഷേധമാണുണ്ടായത്. എൻ എസ് എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾ വലിയ പ്രതി ഷേധമാണ് ഇക്കാര്യത്തിൽ ഉന്നയിച്ചത്. മന്ത്രി വാസവൻ എൻ എസ് എസുമായി അടുപ്പം പുലർത്തുന്ന നേതാവാണ്. കോട്ടയം ജില്ലക്കാരനാണ് പഴയിടം മോഹനൻ. അദ്ദേഹത്തിന് കോട്ടയം ജില്ലയിൽ വലിയ സമുദായ പിന്തുണയുണ്ട്. അരുൺകുമാർ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി ഇടപെട്ടത് തന്നെ അബദ്ധമായി പോയെന്ന ചിന്തയാണ് സർക്കാരിനുള്ളത്. പ്രത്യേകിച്ച് മന്ത്രി വാസവന് .
ഡോ. അരുൺകുമാറിനെതിരെ യുജിസിക്ക് ലഭിച്ച പരാതിയിൽ പരിശോധനയ്ക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണമാണ്. അരുണിനെതിരെ കേന്ദ്ര സർക്കാരിനും പരാതി ലഭിച്ചിരുന്നു. ഇതും അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു.ബ്രാഹ്മണിക്കൽ ഹെജിമണിയൊക്കെ ആരോപിച്ച് കലോത്സവ വേദിയിലെ പഴയിടത്തിന്റെ സസ്യാഹാര പാചകം നവമാധ്യമങ്ങളിൽ വിമർശനം നേരിടുമ്പോൾ പാർട്ടി പഴയിടത്തിനൊപ്പം തന്നെയെന്ന സന്ദേശവുമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയുമായ വി എൻ വാസവൻ കുറിച്ചിത്താനത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ വീട്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി സിപിഎം നടത്തുന്ന ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പണമെന്നാവശ്യപ്പെട്ടുണ്ടായ വിവാദങ്ങളിലേക്ക് മന്ത്രി നേരിട്ട് കടന്നില്ലെങ്കിലും എല്ലാ പ്രതിസന്ധിയിലും സർക്കാരും പാർട്ടിയും പഴയിടത്തിനൊപ്പം ഉണ്ടാകുമെന്ന് വാസവൻ ഉറപ്പുനൽകി. നന്മ നിറഞ്ഞ മനസുള്ള തിരുമേനി എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഎം നേതാവ് പഴയിടത്തെ വിശേഷിപ്പിച്ചത്. അതേസമയം, സർക്കാർ പ്രതിനിധിയായല്ല, സ്വന്തം സഹോദരൻ എന്ന നിലയിലാണ് വാസവനെ കാണുന്നതെന്നു പറഞ്ഞ പഴയിടം കലോത്സവ പാചകത്തിലേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാതെയാണ് മന്ത്രിയെ യാത്രയാക്കിയത്.
പഴയിടം മോഹനൻ നമ്പൂതിരിയെ സംസ്ഥാന യുവജനോത്സവത്തിൽ നിന്നും ഒഴിവാക്കാൻ വൻ ഗൂഢാലോചന നടന്നിരുന്നു.. യുവജനോൽസവത്തിൻ്റെ സ്വാഗത ഗാനത്തിൽ മുസ്ലിങ്ങളെ അപമാനിച്ചതിന് പകരം വീട്ടാൻ എസ് ഡി.പി ഐ നടത്തിയ കളിയാണ് ഭക്ഷണത്തിലെ വർഗീയതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.. ഭരണാധികാരികൾക്ക് മുസ്ലീം തീവ്രവാദ സംഘടനകളെ പേടിയാണ്. സ്വാഗത ഗാനത്തിൽ അവർക്ക് ആക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ തന്നെ ഒരു തിരിച്ചടി എല്ലാവരും പ്രതീക്ഷിച്ചതാണ്. കോഴിക്കോട് നടന്ന യുവജനോത്സവത്തിൽ ഇത്തരത്തിൽ ഒരു പരാമർശം ഉണ്ടായത് അവരെ വല്ലാതെ വേദനിപ്പിച്ചു. അതിൽ വാസ്തവമുണ്ടെന്ന കാര്യത്തിൽ തർക്കം വേണ്ട. എന്നാൽ മുസ്ലിം സഹോദരങ്ങളെ അധിക്ഷേപിക്കണമെന്ന ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ലെന്ന് സംഘാടകർ പറഞ്ഞു. അതെന്തായാലും ഇതുണ്ടാക്കിയ തീപ്പൊരി വിവരണാതീതമാണ്.
ഇതിൻ്റെ തുടർച്ചയായാണ് അരുൺകുമാർ പഴയിടത്തിൻ്റെ ഭക്ഷണ രീതിക്കെതിരെ രംഗത്തെത്തിയത്. ഇതിന് പന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്ന നിരവധിയാളുകളുണ്ട്. അതിന് തുടർച്ചയായാണ് പഴയിടത്തെ അട്ടിമറിക്കാൻ ശ്രമം നടന്നത്.യുവജനോത്സവത്തിലെ അടുക്കളയിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങളും നടന്നതായാണ് കരുതുന്നത്. ഇക്കാര്യം പോലീസിലെ വിശ്വസ്തർ വഴി പഴയിടം അറിഞ്ഞു.അങ്ങനെ ഉറക്കമൊഴിഞ്ഞ് പഴയിടം അടുക്കളക്ക് കാവലിരുന്നു. ഇക്കാര്യം പഴയിടം സമ്മതിച്ചു.നോൺ വെജ് വിവാദങ്ങൾക്ക് പിന്നിൽ ലോബിയിംഗ് നടക്കുന്നുണ്ടെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നു. ഊട്ടുപുരയിൽ രാത്രിയിൽ കാവലിരിക്കേണ്ട സാഹചര്യം ഉണ്ടായിയെന്നും പഴയിടം പറയുന്നു.
ലോബിയിംഗിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു., സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ മാംസ ഭക്ഷണമാണെന്നും കൂട്ടിച്ചേർത്തു. സർക്കാർ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും ദേശീയ ശാസ്ത്രമേളയിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം അറിയിച്ചു.സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലാണ്. കലകൾ അവതരിപ്പിക്കാനെത്തിയ കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയുടെയും വർഗീയതയുടെയും വിഷം കുത്തിവയ്ക്കുകയാണ്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഇത്രയും നാൾ അടുക്കളയിലുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുകയും ചെയ്തുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. 26 മുതൽ തൃശൂരിൽ തുടങ്ങുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ നിന്നും പിന്മാറിയെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് പരിപാടിയുടെ സംഘാടകർ.
പഴയിടത്തിൻ്റെ പിൻമാറ്റം വലിയ ചർച്ചകൾക്ക് കാരണമായി. അടുക്കള അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് മനസിലാക്കിയ വിദ്യാഭ്യാസ മന്ത്രി പഴയിടത്തെ അനുകൂലിച്ച് രംഗത്തെത്തിയെങ്കിലും ഭരണത്തിൻ്റെ താക്കോൽ മരുമകനിലായതിനാൽ ശിവൻകുട്ടി അശക്തനായി. ഒടുവിൽ യുവജനോത്സവത്തിൻ്റെ ശിൽപ്പി മുഹമ്മദ് റിയാസാണെന്ന് പറഞ്ഞ് ശിവൻകുട്ടി തലയൂരി.മന്ത്രി റിയാസാണ് പ്രതിക്കൂട്ടിലുള്ളത്. റിയാസിൻെറ നേതൃത്വത്തിലാണ് പഴയിടം വിരുദ്ധ പ്രചരണങ്ങൾ നടക്കുന്നതെന്ന ആക്ഷേപങ്ങൾ ശക്തമാണ്. സ്വാഗത ഗാനത്തിൻ്റെ പേരിൽ റിയാസ് അതിശക്തമായി രംഗത്തെത്തി.
സ്വാഗത ഗാനത്തെ കുറിച്ചുയർന്ന പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രി റിയാസ് മന്ത്രി ശിവൻകുട്ടിക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണവും തുടങ്ങി.എന്നാൽ പഴയിടത്തിനോ സർക്കാരിനോ യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ ഡോ. അരുൺ സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്ന ആക്ഷേപം കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. അതാണ് ഗവർണറുടെ ഇടപെടലിന് വഴിതെളിച്ചിരിക്കുന്നത്.സ്കൂൾ കലോത്സവത്തിൻറെ പാചകപ്പെരുമയിൽ പഴയിടത്തിൻറെ രുചിക്കൂട്ടിന് പതിനാറ് കൊല്ലത്തെ പഴക്കമുണ്ട്. ഇക്കാലമത്രയും എല്ലാ വർഷവും ആറേഴ് ദിവസം പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും കേരളത്തിൻറെ കൗമാര കലോത്സവത്തിൻറെ സ്വന്തമാകും.
പാചകമാണ് ഏറ്റവും വലിയ കലയെന്നാണ് പഴയിടം മോഹനൻ നമ്പൂതിരി പറയുന്നത്.. അതിന് അദ്ദേഹത്തിന് സ്വന്തമായൊരു ചിന്ത കൂടിയുണ്ട്. "ഒരു കലാകാരന് മാത്രമേ നന്നായിട്ട് പാചകം ചെയ്യാൻ പറ്റൂ". പഴയിടത്തിന് ഇപ്പോഴും കാണാൻ ഇഷ്ടമുള്ളതും ഇനിയൊരിക്കൽ കൗമാരം തിരിച്ച് കിട്ടുകയാണെങ്കിൽ മത്സരിക്കണമെന്ന് ആഗ്രഹമുള്ളതും ലളിത ഗാനത്തിലാണ്. എന്നാൽ അത് തൻറെ ഏറ്റവും വലിയ ആഗ്രഹമാണെങ്കിലും സംഗീതം അറിയില്ലാത്തതിനാൽ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ഉള്ള് തുറക്കുന്നു. ജീവിതത്തിൽ ഇതുവരെയായി തനിക്ക് ഒരു മെഡലാണ് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. അതും മത്സര ഐറ്റത്തിനല്ല. പഠിത്തത്തിനുമല്ല, മറിച്ച് കഴിഞ്ഞ തവണത്തെ കലോത്സവത്തിന് വന്നപ്പോൾ സ്കൂളിലെ പ്രിൻസിപ്പാൾ സ്നേഹപൂർവ്വം സമ്മാനിച്ച മെഡൽ.
എന്നാൽ, അതിനൊക്കെ അപ്പുറത്ത് ആറ് ദിവസം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇന്നും രുചിക്കൂട്ടൊരുക്കി കൗമാര കലയ്ക്കൊപ്പം പതിനാറിൻറെ തിളക്കത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയും ഒപ്പമുണ്ട്.ഏതായാലും ഗവർണർ ഇക്കാര്യം ഗൗരവമായെടുത്താൽ അരുൺകുമാറിൻ്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
കാരണം മതങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണം അത്ര പെട്ടെന്ന് തേച്ചു മായ്ച്ച് കളയാൻ കഴിയുന്ന ഒന്നല്ല. സർക്കാരിനല്ല ആർക്കും അരുൺകുമാറിനെ രക്ഷിക്കാനും കഴിയില്ല. ഏതായാലും വലിയ പ്രതിസന്ധിയിലാണ് അരുൺകുമാർ എത്തി നിൽക്കുന്നത്. സർവകലാശാലയുമായി ഉടക്കി നിൽക്കുന്ന ഗവർണറെ സംബന്ധിച്ചടത്തോളം അരുൺ ഒരു വലിയ ആയുധമാണ്. പണി തെറിക്കാതിരുന്നാൽ ഭാഗ്യമെന്ന് പറഞ്ഞാൽ മതി. സർക്കാർ ജീവനക്കാരുടെ അച്ചടക്ക നിയമം അനുസരിച്ച് അരുൺകുമാർ ചെയ്തിരിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്.
https://www.facebook.com/Malayalivartha


























