ഭക്തരോടിതു വേണോ നേതാവേ... മണിക്കൂറുകള്‍ ക്യൂ നിന്ന് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തരെ ശ്രീകോവിലിന് മുന്നില്‍ കഴുത്തിന് പിടിച്ചുതള്ളുന്ന ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം; തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

വ്രതമെടുത്ത് കാടും മലയും താണ്ടി വരുന്നത് അയ്യപ്പനെ കാണുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഒരു നോക്ക് കാണാന്‍ പോലും അനുവദിക്കാതെ കഴുത്തിന് പിടിച്ച് പുറത്താക്കുക എന്നു പറഞ്ഞാല്‍. അതും അയ്യപ്പന്റെ ശ്രീകോവിലിന് മുന്നില്‍ വച്ച്. വീഡിയോ വൈറലായതോടെ പലരും പലവഴിയ്ക്കായി അന്വേഷണം.
അവസാനം മകരവിളക്കിന് ശബരിമലയില്‍ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്തായി. പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദര്‍ശിക്കുന്നതിനായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തിയത്. മണിക്കൂറുകള്‍ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നില്‍ ഒരു നിമിഷമെങ്കിലും അയ്യനെ കാണാന്‍ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരന്‍ കൈയ്യേറ്റം ചെയ്യുന്നത്.
പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാള്‍ മാറ്റുന്നതും വീഡിയോയില്‍ കാണാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന അരുണ്‍ എന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്. ശബരിമലയില്‍ സ്പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടത് യൂണിയന്‍ നേതാവാണ്.
അന്യസംസ്ഥാനക്കാരായ ഭക്തരുള്‍പ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. സംഭവത്തില്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം ഭക്തര്‍ പ്രതിഷേധിക്കുന്നു. ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
മകരവിളക്ക് തൊഴുത് പതിനായിരങ്ങള്‍പന്തളത്തുനിന്നുള്ള തിരുവാഭരണഘോഷയാത്ര ഇന്നലെ വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികളുടെയും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച് പതിനെട്ടാം പടിയിലേക്ക് ആനയിച്ചു. തിരുവാഭരണമടങ്ങിയ പേടകം പതിനെട്ടാം പടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ്. ജീവന്‍, ദേവസ്വം കമ്മിഷണര്‍ എം. മനോജ് എന്നിവര്‍ സ്വീകരിച്ച് ആചാരപൂര്‍വം സോപാനത്തേക്ക് ആനയിച്ചു. തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ശ്രീലകത്തേക്ക് കൊണ്ടുപോയി. 6.30ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തിയശേഷം ദീപാരാധനയ്ക്കായി നട തുറന്നതോടെ സന്നിധാനം ശരണമന്ത്ര മുഖരിതമായി.
ഈ സമയം ഭക്തലക്ഷങ്ങള്‍ക്ക് സുകൃതമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നായിരുന്നു മകര സംക്രമ പൂജ. ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു മകരവിളക്ക് ദിനത്തിലെ ഭക്തജനപ്രവാഹം.
ഇന്നലെ അത്താഴ പൂജയ്ക്കുശേഷം മാളികപ്പുറം മണിമണ്ഡപത്തില്‍ കളമെഴുതി വിളക്കുവച്ചു. തുടര്‍ന്ന് പന്തളത്തുനിന്ന് കൊണ്ടുവന്ന മലദൈവങ്ങളുടെ പ്രതീകമായ കൊടിയും യോദ്ധാവായ അയ്യപ്പന്റെ തിടമ്പുമായി പതിനെട്ടാംപടിയിലേക്ക് വിളക്കിനെഴുന്നെള്ളത്ത് ആരംഭിച്ചു. 17വരെ എഴുന്നെള്ളത്ത് പതിനെട്ടാം പടിയലേക്ക് നടക്കും. ഇന്ന് പടിപൂജയ്ക്കുശേഷം അമ്പലപ്പുഴ, ആലങ്ങാട്ടു സംഘത്തിന്റെ എഴുന്നെള്ളത്ത് നടക്കും. 18നാണ് കളഭാഭിഷേകം. 19ന് വലിയഗുരുതി. 20ന് രാവിലെ നടയടച്ച് തിരുവാഭരണങ്ങളുമായി തിരുവാഭരണസംഘം പന്തളത്തേക്ക് മടങ്ങും. പന്തളം രാജപ്രതിനിധി നിര്‍വഹിക്കേണ്ട ആചാരപരമായ ചടങ്ങുകള്‍ പന്തളം രാജകുടുംബാംഗത്തിന്റെ നിര്യാണം മൂലം ഇക്കുറി ഇല്ല.
മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞിട്ടും സന്നിധാനത്തേക്ക് തീര്‍ത്ഥാടക പ്രവാഹം തുടരുന്നു. പന്തളത്തു നിന്ന് കൊണ്ടു വന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദര്‍ശനം 19 വരെ ഉണ്ടാവും. 20ന് പുലര്‍ച്ചെ നട അടയ്ക്കും. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തി മടങ്ങുന്നവരില്‍ അധികവും. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറമുളള തീര്‍ത്ഥാടക പ്രവാഹമാണ് ഇക്കുറിയുണ്ടായത്. അതിനിടയ്ക്കാണ് ഉദ്യോഗസ്ഥന്റെ കൈക്കരുത്ത് വാര്‍ത്തയായത്.
"
https://www.facebook.com/Malayalivartha


























