മുന്നും പിന്നും ചിന്തിക്കാതെ ചിന്തയ്ക്ക് എട്ടര ലക്ഷം വാരിയെറിഞ്ഞ് സർക്കാർ... ചിന്ത പറഞ്ഞത് പച്ചക്കള്ളം

വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്.
ഒരു ലക്ഷം രൂപയായി നേരത്തെ തന്നെ ശമ്പളം വർധിപ്പിച്ചിരുന്നു. 2017 ജനുവരി ആറു മുതൽ 2018 മെയ് 26 വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.
ചിന്ത ജറോമിന്റെ അഭ്യർഥനയെ തുടർന്നാണ് കുടിശിക അനുവദിച്ചത്. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു.
6.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം 1 ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17 x 50,000) ചിന്തക്ക് ലഭിക്കും.
2018 മെയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ് വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകി.
26.5.18 ലാണ് യുവജനകമ്മീഷന് സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം ഒരു ലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ തങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും ചിന്ത വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പെരും നുണകളായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണം എന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22 ന് സർക്കാരിന് കത്തെഴുതിയിരുന്നു.
ചെയർ പേഴ്സണായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈ പറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20.8.22 ൽ ചിന്ത ജെറോം കത്ത് മുഖേന സർക്കാരിനോടാവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha