PT 7നെ ഏറ്റെടുത്ത് K.B. ഗണേഷ് കുമാർ... 15 പെല്ലറ്റ് അന്വേഷിക്കും! കൊലകൊമ്പൻ ഇറങ്ങി... നാടൻ തോക്കെടുത്തതാര്?

പത്തനാപുരത്തെ ചോദ്യം ചെയ്യപ്പെടാത്ത തലയെടുപ്പുള്ള കൊമ്പനായി അറിപ്പെടുന്ന വ്യക്തിയാണ് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ. അദ്ദേഹത്തിന്റെ ആനക്കമ്പവും ഏറെ പ്രസിദ്ധമാണ്. ആനുകാലിക വിഷയങ്ങൾ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന ഗണേഷ് കുമാർ ഇപ്പോൾ പരിക്കേറ്റ കാട്ടാന പി.ടി. സെവന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആന ഉടമ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കൂടിയാണ് അദ്ദേഹം.
പാലക്കാട് ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയിരുന്ന കൊമ്പൻ പിടി സെവനെ അടുത്തിടെയായിരുന്നു വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ ഒരുക്കിയ പ്രത്യേക കൂട്ടിൽ കഴിയുന്ന കൊമ്പൻറെ ശരീരത്തിൽ നിന്ന് പതിനഞ്ചോളം പെല്ലറ്റുകളാണ് ഉദ്യോഗസ്ഥർ ഇന്നലെ കണ്ടെത്തിയത്. കൊമ്പനെ തുരത്താൻ നാടൻ തോക്കുകളിൽ നിന്ന് വെടിവെച്ചപ്പോൾ ശരീരത്തിൽ തറച്ച പെല്ലറ്റുകളാകാം എന്നാണ് നിഗമനം.
താൻ പ്രസിഡന്റായ ആന ഉടമ ഫെഡറേഷൻ ചികിത്സ ലഭ്യമാക്കാൻ തയ്യാറാണെന്ന് ഗണേഷ്‌കുമാർ അറിയിച്ചിട്ടുണ്ട്. പെല്ലറ്റു കൊണ്ടോ നാടൻ ബോംബിലെ ചീളുകൾ കൊണ്ടോ ആവാം ചിലപ്പോൾ പി.ടി. സെവന് പരിക്കേറ്റത്. കടുത്ത വേദനമൂലമായിരിക്കാം കാട്ടാന ആക്രമണ സ്വഭാവം കാണിച്ചതും. പി.ടി. സെവന് നേരെയുണ്ടായത് മനുഷ്യത്വമില്ലാത്ത നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
'മൃഗങ്ങളുടെ മനസ്സ് മനസ്സിലാക്കി വേണം അവരെ സമീപിക്കാൻ. കർഷകർക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. ജീവനെടുക്കുന്നതും നമുക്ക് അനുകൂലിക്കാൻ സാധിക്കുന്നതല്ല. ആരോ നാടൻ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ്. ഇത്തരം പെല്ലറ്റുകൾ ശരീരത്തിൽ ഇരിക്കുന്നതിന്റെ വേദന സഹിക്കാൻ കഴിയാതെയാണ് ആന ജനങ്ങളെ ഉപദ്രവിച്ചത്' എന്നും അദ്ദേഹം വ്യക്തമാക്കി.
സർവ ലക്ഷണവും ഒത്ത ആനയായിരിക്കും പി.ടി. സെവൻ. അത് വഴങ്ങും. തന്റെ അറിവ് വെച്ച് അതിന് 18- 20 വയസുണ്ടാവും. ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്ത് പരിശോധിച്ച് ചികിത്സ ലഭ്യമാക്കണം. തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന എന്ത് സഹായവും ചെയ്യും. ഡോക്ടർമാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ധോണിയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയുടെ ശരീരത്തിൽ 15 ഓളം പെല്ലറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്. സ്ഥിരമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാം പെല്ലെറ്റുകൾ വരാൻ കാരണമെന്നാണ് സംശയിക്കുന്നത്.
മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ നിന്നു വെടിയേറ്റതാകാമെന്ന സാധ്യത വനം വകുപ്പ് തള്ളികളയുന്നില്ല. ലൈസൻസ് ഇല്ലാത്ത തോക്കുകളായതിനാൽ തോക്കിനെയോ ഉടമയെയോ കണ്ടെത്തുന്നത് ദുഷ്കരമാണെന്ന് വനം വകുപ്പ് പറഞ്ഞു.
ഇത്തരത്തിൽ പെല്ലെറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായിട്ടുണ്ടാകാമെന്നും വനപാലകർ വിലയിരുത്തുന്നുണ്ട്. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി വനംഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് നിലവിൽ പിടി7 ഉള്ളത്.
കൂട്ടിലുള്ള 'ധോണി' രാത്രി ബഹളമുണ്ടാക്കാതെ ശാന്തനായി കഴിയുന്നതായി വനപാലകർ പറഞ്ഞു. ഇടയ്ക്ക് പാപ്പാന്മാരോട് ചെറിയ ദേഷ്യമൊക്കെ കാണിക്കുന്നുണ്ട് എന്നാലും പ്രശ്നമില്ല. രാത്രി വൈകിയും മദപ്പാട് അടങ്ങാതെ ചവിട്ടിയും തുമ്പിക്കൈ കൊണ്ടു തല്ലിയും തലകൊണ്ടിടിച്ചും കൂട്ടിൽ ശൗര്യം കാട്ടുകയാണു കാട്ടുകൊമ്പൻ.
കൂട്ടിലടച്ച കാട്ടാനയ്ക്ക് മദപ്പാടുകാലമാണ്. മദമിളകിയാൽ ചിലപ്പോൾ അക്രമകാരിയായേക്കാം. കാട്ടിനകത്താണെങ്കിൽ രണ്ടുമാസംകൊണ്ട് കാട്ടാനകൾ മദപ്പാടുമാറി ശാന്തനാകും. കൂട്ടിനകത്തായതുകൊണ്ട് താരതമ്യേന കൂടുതൽസമയം വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുംപരിസരവുമായി ഇണങ്ങിച്ചേരാൻ മൂന്നാഴ്ചയെങ്കിലും വേണ്ടിവരും.
ആനയുടെ പരിചരണത്തിനായി നാലു ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ ഓരോ ദിവസവും ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. കൊമ്പുകൊണ്ട് കൂടിന്റെ അഴികളിളക്കാനും കാലുകൾ രണ്ടും കൂടിനുമുകളിലേക്ക് ഉയർത്തി അഴികൾ പുറത്തേക്കിടാനും ശ്രമിക്കുന്നുണ്ട്. പിടികൂടാനായി വയനാട്ടിൽ നിന്നെത്തിയ ദൗത്യ സംഘം ചൊവ്വാഴ്ച മടങ്ങുകയും ചെയ്തു.
പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ നിരന്തരം ഭീതി പടർത്തിയിരുന്ന പി.ടി.ഏഴാമനെന്നകൊമ്പനെ വനംവകുപ്പ് സംഘം പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ആനയെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം. മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടി സ്വപ്നമായിരുന്ന ആനയ്ക്കു വനംവകുപ്പ് നൽകിയിരുന്ന കോഡ് നാമമായിരുന്നു പി.ടി–7. പിടികൂടിയതിനു പിന്നാലെ, കൊമ്പനു വനംമന്ത്രി എ.കെ. ശശീന്ദ്രൻ ‘ധോണി’ എന്നു പേരിടുകയായിരുന്നു.
ആനയെ ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ ചട്ടം പഠിപ്പിക്കാൻ വനംവകുപ്പിന്റെ വിദഗ്ധ സംഘമുണ്ട്. കെ വിജയാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് 'ധോണി'. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരേയും ഒരു ഡോക്ടറേയും പ്രത്യേകം നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ഏകദേശം 23 വയസ്സാണ് 'ധോണി'യുടെ പ്രായമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha























