ബലൂണില്‍ ഒറ്റപ്പെട്ട് ചൈന... ചൈനയുടെ ചാരബലൂണുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വച്ചെന്ന് വാഷിങ്ടന്‍ പോസ്റ്റ്; 5 ഭൂഖണ്ഡങ്ങളില്‍ ചൈനയുടെ ഇത്തരം ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; ചൈനയെ വിരട്ടി ജോ ബൈഡന്‍

ബലൂണ്‍ കാരണം ചൈന ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണ്. അമേരിക്ക ബലൂര്‍ തകര്‍ത്തതോടെ ചൈന അമര്‍ഷത്തിലുമാണ്. അതേസമയം ചൈനയുടെ ചാരബലൂണുകള്‍ ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളെയും ലക്ഷ്യം വച്ചെന്നും വിവരങ്ങള്‍ ശേഖരിച്ചെന്നും യുഎസിലെ പ്രമുഖ മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ തെക്കന്‍തീരത്തെ ഹൈനാന്‍ പ്രവിശ്യയില്‍ നിന്നാണ് ബലൂണുകള്‍ വിക്ഷേപിച്ചിരുന്നത്. ഇന്ത്യ കൂടാതെ ജപ്പാന്‍, വിയറ്റ്‌നാം, തയ്വാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തി പ്രതിരോധ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
5 ഭൂഖണ്ഡങ്ങളില്‍ ചൈനയുടെ ഇത്തരം ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎസിലെ തന്ത്രപ്രധാന സൈനിക മേഖലയായ മോണ്ടാന സംസ്ഥാനത്തിനു മുകളില്‍ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂണ്‍ സൈന്യം വെടിവച്ചിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട്.
യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ ഇതിന്റെ വിവരങ്ങള്‍ ഇന്ത്യയുടേതുള്‍പ്പെടെ 40 സുഹൃദ് രാജ്യങ്ങളുടെ എംബസികളോട് വിശദീകരിച്ചു. ഇതിനു മുന്‍പ് യുഎസ് പ്രദേശങ്ങളായ ഹവായ്, ഫ്‌ലോറിഡ, ടെക്‌സസ്, ഗുവാം എന്നിവിടങ്ങളിലും ഇത്തരം ബലൂണുകള്‍ കണ്ടെത്തിയിരുന്നതായാണ് വിവരം.
ചൈന പറത്തിവിട്ട ചാരബലൂണ്‍ വെടിവച്ചിടാന്‍ അമാന്തം കാട്ടിയെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിമര്‍ശനത്തിനിടെ, ചൈനയോട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ തുറന്നടിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡന്‍ (80) അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലും മത്സരിക്കാനുളള രാഷ്ട്രീയ ഊര്‍ജം തന്റെ ഉള്ളിലുണ്ടെന്നുള്ള പരോക്ഷപ്രഖ്യാപനം കൂടിയാണ് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ നടത്തിയത്.
യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ജനപ്രതിനിധി സഭയില്‍ ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയാണു നിറഞ്ഞുനിന്നത്. യുക്രെയ്‌നിലെ ആക്രമണത്തോടെ പടിഞ്ഞാറിന്റെ മുഴുവന്‍ ശത്രുവായി മാറിയ റഷ്യ പോലും പരാമര്‍ശത്തില്‍ രണ്ടാമതായി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു പകരമാകാന്‍ കഴിയുന്ന ലോകനേതാക്കള്‍ ആരുമില്ലെന്ന് ബൈഡന്‍ പറഞ്ഞു.
അതേസമയം മൂന്നു നാള്‍ നീണ്ടുനിന്ന ദുരൂഹതയ്‌ക്കൊടുവില്‍ യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ ശ്രമം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വീണ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വീണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ ചൈനയ്ക്കു കൈമാറാന്‍ പദ്ധതിയില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് ഇതെന്ന് ചൈന വാദിക്കുമ്പോഴും, ചാരപ്രവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യമെന്നാണ് യുഎസിന്റെ മറുവാദം.
ചാരപ്രവര്‍ത്തനത്തിനുള്ള ചൈനീസ് ഉപകരണം എന്നു ചൂണ്ടിക്കാട്ടി മിസൈല്‍ ഉപയോഗിച്ചാണ് യുഎസ് സൈന്യം ബലൂണ്‍ തകര്‍ത്തത്. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ് 22 യുദ്ധവിമാനം ബലൂണ്‍ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണു ബലൂണ്‍ പതിച്ചത്. സമുദ്രത്തിനു മുകളില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.
സമുദ്രത്തിനു മുകളില്‍നിന്ന് ചില അവശിഷ്ടങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ, കാലാവസ്ഥ പ്രതികൂലമായതിനാല്‍ കടലിനടിയില്‍ പരിശോധന നടത്താന്‍ സാധിക്കുന്നില്ല. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ കടലിനടിയിലും പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha























