ചിന്താകുഴപ്പത്തില്‍ പാര്‍ട്ടിയും... വിവാദങ്ങള്‍ അവസാനിച്ചെന്ന് കരുതിയിരുന്നപ്പോള്‍ തുടര്‍ച്ചയായ വിവാദങ്ങള്‍ ചിന്തയെ പിടികൂടുന്നു; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അധിക്ഷേപം മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത; സുരേന്ദ്രന്റെ പരാമര്‍ശം മ്ലേച്ചമെന്ന് പികെ ശ്രീമതി

യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം തുടര്‍ച്ചയായ വിവാദത്തിലാണ്. മുന്‍കാലപ്രാബല്യത്തോടെയുള്ള ഉയര്‍ന്ന ശമ്പളം, പിഎച്ച്.ഡി. പ്രബന്ധത്തിലെ പിശക്, റിസോര്‍ട്ടിലെ താമസം... യുവജന കമ്മിഷന്‍ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. വിവാദങ്ങള്‍ക്ക് ചിന്തതന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പിഎച്ച്.ഡി. വിവാദത്തിലേതുപോലെ മുതിര്‍ന്നനേതാക്കളാരും ചിന്തയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തോടെ പലരും രംഗത്തെത്തി. ചിന്ത ജെറോമും പികെ ശ്രീമതിയും നേരിട്ട് മറുപടി പറഞ്ഞു. സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചു. അതേസമയം, ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്‌കാര ശൂന്യമായ വാക്കുകള്‍ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി. സംസ്‌കാര സമ്പന്നരായ മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാള്‍ക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാന്‍ സുരേന്ദ്രന്‍ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാര്‍ഹമായ സുരേന്ദ്രന്റെ പ്രസ്താവന. വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.
ചിന്താ ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവള്‍ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രന്‍, കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ കളക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും കെ സുരേന്ദ്രന്‍ ന്യായീകരിച്ചു.
ഒന്നരക്കൊല്ലത്തിലേറെയായി തങ്കശ്ശേരിയിലെ റിസോര്‍ട്ടിലാണ് ചിന്ത താമസിക്കുന്നതെന്ന ആരോപണം മുതിര്‍ന്ന ചില നേതാക്കള്‍ക്കുനേരെയും വിരല്‍ചൂണ്ടുന്നുണ്ട്. വിവരമറിഞ്ഞിട്ടും തിരുത്തിയില്ലെന്ന വിമര്‍ശനമാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഉയരുന്നത്.
ഇന്നലെ തുടങ്ങിയ സംസ്ഥാനകമ്മിറ്റിയില്‍ വിഷയം ഉയര്‍ന്നുവരും. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷംചെയ്തുവെന്ന നിലപാടിലാണ് മുതിര്‍ന്ന ജില്ലാനേതാക്കളില്‍ ഭൂരിപക്ഷവും. തങ്ങളുടെ തലയ്ക്കുമുകളിലൂടെ സംസ്ഥാനകമ്മിറ്റിയിലേക്ക് 'ഡബിള്‍ പ്രമോഷന്‍' നേടിയതിലുള്ള നീരസം ഈ നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ സമ്മേളന കാലത്ത് ജില്ലാ കമ്മിറ്റിയിലെത്തിയ ചിന്താ ജെറോം മൂന്നുമാസങ്ങള്‍ക്കകം സംസ്ഥാനകമ്മിറ്റിയംഗമായി.
ജില്ലാഘടകത്തെ അവഗണിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയും കൊല്ലത്തെ നേതാക്കള്‍ക്കുണ്ട്. മുതിര്‍ന്ന കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചിന്തയ്ക്കുള്ള ബന്ധമാണ് ഈ പെരുമാറ്റത്തിന് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. അതിനിടെ കൊല്ലം ലോക്‌സഭാസീറ്റില്‍ ചിന്താ ജെറോം സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം പാര്‍ട്ടിവൃത്തങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ കൊല്ലത്ത് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ദിവസമാണ് റിസോര്‍ട്ട് വിവാദം പുറത്തുവന്നത്. പാര്‍ട്ടിയിലെ പ്രബലവിഭാഗം ഈ വിഷയം എം.വി. ഗോവിന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ശമ്പളവിവാദം വിശദീകരിച്ചപ്പോള്‍ താന്‍ കത്തുനല്‍കിയില്ലെന്ന പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാകമ്മിറ്റിയിലും ചിന്തയ്ക്കു രൂക്ഷവിമര്‍ശനമായിരുന്നു.
https://www.facebook.com/Malayalivartha






















