എത്ര മനോഹരമായ ആചാരങ്ങള്‍... കൗ ഹഗ് ഡേയെ പിന്തുണച്ച് എത്തിയവര്‍ വെട്ടിലായി; നൈസായി കാലുമാറി കേന്ദ്രം; പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന വിവാദ നിര്‍ദേശം പിന്‍വലിച്ചു; അനുകൂലിച്ച് പ്രസ്താവന നടത്തിയവര്‍ വെട്ടില്‍

എന്തെങ്കിലുമൊന്ന് പ്രഖ്യാപിച്ചാല്‍ അത് തെറ്റോ ശരിയോ ആണെന്ന് നോക്കില്ല. അപ്പോഴേ പൂര്‍ണ പിന്തുണ. മാത്രമല്ല എതിരാളികള്‍ക്കിട്ട് കൊട്ടും. ഇപ്പോഴിതാ കൗ ഹഗ് ഡേയെ പിന്തുണച്ചവരെ വെട്ടിലാക്കി കേന്ദ്രം. പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ തീരുമാനം വലിയ വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തലയൂരല്‍.
സമൂഹമാധ്യമങ്ങളിലടക്കം തീരുമാനത്തിനെതിരെ വലിയ പരിഹാസം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന് ആറിന് പുറപ്പെടുവിച്ച ആഹ്വാനം പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ അനുകൂലിച്ച് പ്രസ്താവന നടത്തിയ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വെട്ടിലായി.
പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിര്‍ദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങള്‍ ഇത് കാര്യമായി റിപ്പോര്‍ട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം അടിയന്തര നിര്‍ദേശം നല്‍കിയത്. ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ ചുമതല.
ആറാം തിയതിയാണ് കൗ ഹഗ് ഡേ ആചരിക്കണമെന്ന് ബോര്‍ഡ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തത്. ഇക്കാര്യം മുന്‍കൂട്ടി മന്ത്രാലയത്തെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതേസമയം കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാലയും ചില മന്ത്രിമാരും കഴിഞ്ഞ ദിവസം നീക്കത്തെ സ്വാഗതം ചെയ്തിരുന്നു.
പശുക്കളെ കെട്ടിപ്പിടിക്കുന്നത് സമൂഹത്തില്‍ സന്തോഷമുണ്ടാക്കുമെന്നാണ് ആഹ്വാനത്തിന് പിന്നിലെ വിശദീകരണമായി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പറയുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നതെന്നും പറയുന്നു.
അതേസമയം വാലന്റൈന്‍സ് ഡേ എങ്ങനെ കളര്‍ ആക്കാമെന്ന ആലോചന കലാലയങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ഒരു കോളേജും അവിടുത്തെ പ്രിന്‍സിപ്പാളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിറയുകയാണ്. കാരണം മറ്റൊന്നുമല്ല പ്രിന്‍സിപ്പാളിന്റെ ഒപ്പോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് അതിന് കാരണമായിത്തീര്‍ന്നത്.
വാലന്റൈന്‍സ് ഡേ ദിനത്തില്‍ കാമുകന്മാര്‍ ഉള്ള പെണ്‍കുട്ടികള്‍ മാത്രം കോളേജില്‍ എത്തിയാല്‍ മതിയെന്നും കോളേജില്‍ വരുന്നവരെല്ലാം തങ്ങളുടെ കാമുകന്മാര്‍ക്കൊപ്പം വേണം വരാന്‍ എന്നുമാണ് പ്രിന്‍സിപ്പാളിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങിയ നോട്ടീസില്‍ പറയുന്നത്. ഇതുകൂടാതെ ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോയും റിലേഷന്‍ സ്റ്റാറ്റസ് സത്യമാണ് എന്ന് തെളിയിക്കുന്നതിനായി കാണിക്കണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
നോട്ടീസ് കണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു എന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയും അതോടെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയാവുകയും ചെയ്തു. ഒഡീഷയിലെ എസ്വിഎം ഓട്ടോണമസ് കോളേജ് പ്രിന്‍സിപ്പല്‍ ബിജയ് കുമാര്‍ പത്രയുടെ പേരിലാണ് ഇത്തരത്തില്‍ ഒരു നോട്ടീസ് വ്യാപകമായ പ്രചരിച്ചത്. എന്നാല്‍, താന്‍ ഇത്തരത്തില്‍ ഒരു നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് വ്യാജമാണെന്നും ബിജയ് കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജഗത്സിംഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. ചുരുക്കത്തില്‍ പശു ആലിംഗനവുമില്ല പ്രണയ ആംലിംഗനവുമില്ല.
"
https://www.facebook.com/Malayalivartha


























