കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് : വിചാരണ തുടങ്ങി, ഒന്നാം സാക്ഷിയെ മാര്‍ച്ച് 3ന് ക്രോസ് വിസ്തരിക്കാന്‍ കോടതി ഉത്തരവ്; 2006 ല്‍ താനറിയാതെ പ്രതികള്‍ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും തന്റെ വസ്തു തട്ടിയെടുത്തതായി ഭൂവുടമ, ഭൂവുടമ മോഹനചന്ദിനെ ഒന്നാം സാക്ഷിയായി വിസ്തരിച്ചു

കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ വിചാരണ തുടങ്ങി.ചീഫ് വിസ്താരം പൂര്‍ത്തിയായതിനാല്‍ ഒന്നാം സാക്ഷിയെ മാര്‍ച്ച് 3 ന് ക്രോസ് വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു.
ഭൂവുടമയായ താന്‍ അറിയാതെ 2006 ല്‍ പ്രതികള്‍ വ്യാജ ആധാരം ചമച്ചും പോക്കുവരവ് ചെയ്തും തന്റെ വസ്തു തട്ടിയെടുത്തതായി പരാതിക്കാരായ സഹോദരങ്ങളില്‍ ഒരാളായ മോഹനചന്ദ് കോടതിയില്‍ മൊഴി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നടക്കുന്ന സാക്ഷി വിസ്താര വിചാരണയിലാണ് ഒന്നാം സാക്ഷിയായ മോഹനചന്ദിനെ വിസ്തരിച്ചത്.
ചീഫ് വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ക്രോസ് വിസ്താരത്തിന് പ്രതികള്‍ സമയം തേടിയതിനാല്‍ സാക്ഷിയെ മാര്‍ച്ച് 3 ന് ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതികളോട് സിജെഎം കെ. വിദ്യാധരന്‍ ഉത്തരവിട്ടു. സഹോദരങ്ങളായ പ്രേംചന്ദ് , രമാദേവി , മോഹനചന്ദ് എന്നിവരുടെ വസ്തുക്കള്‍ തട്ടിയെടുത്ത കേസിലാണ് വിചാരണ ആരംഭിച്ചത്. കേസില്‍ വില്ലേജാഫീസറടക്കമുള്ള പ്രതികള്‍ക്ക് മേല്‍ വിചാരണക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തിയിരുന്നു. സാക്ഷി വിസ്താര വിചാരണക്കായി 4 പ്രോസിക്യൂഷന്‍ സാക്ഷികളെ ഹാജരാക്കാനും കോടതി സിബിഐയോട് ഉത്തരവിട്ടു. കേസ് ചാര്‍ജിംഗ് ഓഫീസറായ സി ബി ഐ എസ്.പി. യോട് കോടതി ഉത്തരവിട്ടത്.
വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് ഹാജരാകാന്‍ പ്രതികളോട് പല കുറി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ കൂടുതല്‍ തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വിചാരണ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും പ്രതികള്‍ സമയം തേടിയത് കോടതിയെ ചൊടിപ്പിച്ചു. വിചാരണ വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി പ്രതികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ഹാജരായ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുകയായിരുന്നു.
കടകംപള്ളി മുന്‍ വില്ലേജ് ഓഫീസര്‍ എ. നിസാര്‍ അഹമ്മദ് , മുഹമ്മദ് അബ്ദുള്‍ ഖാദര്‍ , സുഹറാബീവി , മുഹമ്മദ് കാസിം , റുഖിയാ ബീവി.എന്നിവരെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് 2015 നവംബര്‍ 30 നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ആദ്യ മൂന്ന് പ്രതികള്‍ മരണപ്പെട്ടു. മുഹമ്മദ് കാസിം , റുഖിയാ ബീവി എന്നിവരെ വിചാരണ ചെയ്യുന്നതിനാണ് ഇവര്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിതിയത്.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ 7 കേസുകളിലായി വിഭജിച്ച കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. 5 കേസുകളില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയിലും 2 കേസുകളില്‍ സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 219 പ്രകാരം ഒരു വര്‍ഷത്തില്‍ നടന്ന ഒരു പോലെയുള്ള 3 കുറ്റകൃത്യങ്ങള്‍ക്ക് വീതം പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് സിബിഐ വിഭജിച്ച 7 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി യഥാര്‍ത്ഥ ഉടമകള്‍ അറിയാതെ വ്യാജ വിലയാധാരങ്ങള്‍ ചമച്ച് വ്യാജ പോക്ക് വരവ് ചെയ്ത് അവരുടെ വസ്തുവകകള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരാള്‍ മറ്റൊരാള്‍ക്ക് ഭൂമി കൈമാറുമ്പോഴും മരണപ്പെടുമ്പോഴും ഭൂമി വാങ്ങുന്നയാള്‍ , അവകാശികള്‍ എന്നിവര്‍ പുതിയ തണ്ടപ്പേരില്‍ കരം തീര്‍ക്കുന്നു. അപ്പോള്‍ വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ കണക്ക് ബുക്കില്‍ പഴയ തണ്ടപ്പേര്‍ ശൂന്യമായി കിടക്കും. ഈ ശൂന്യ തണ്ടപ്പേരില്‍ വില്ലേജ് - റവന്യൂ അധികാരികളുടെ പങ്കാളിത്തത്തോടെ കൃത്രിമം കാട്ടിയാണ് ഭൂമാഫിയ വസ്തുക്കള്‍ തട്ടിയെടുത്തത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha


























