കുടുംബ വീട്ടിലേക്ക് അമ്മയുടെയും കുഞ്ഞിന്റെയും ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു: അനിതയ്ക്കും, കുഞ്ഞിനും വിട നൽകി നാട്...
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് ചിറ്റൂരിൽ മരിച്ച അമ്മയ്ക്കും കുഞ്ഞിനും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി നാട്. നല്ലേപ്പിള്ളിയിലെ കുടുംബ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ കൊറ്റമംഗലം ശ്‌മശാനത്തിൽ സംസ്ക്കരിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്നും മന്ത്രി കെ.കൃഷ്ണൻ പറഞ്ഞു. ബന്ധുക്കളുടെ കൂട്ടക്കരച്ചിലിന് നടുവിലേക്കാണ് നല്ലേപ്പിള്ളി പാറക്കളത്തെ കുടുംബ വീട്ടിലേക്ക് അനിതയുടെയും കുഞ്ഞിന്റെയും ചേതനയറ്റ ശരീരമെത്തിച്ചത്. തുടർന്ന് അനിതയുടെയും കുഞ്ഞിന്റെയും മൃതദേഹം കൊറ്റമംഗലം ശ്മശാനത്തിലെത്തിച്ച് സംസ്ക്കരിച്ചു.
ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിതയ്ക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ സുഖപ്രസവമായിരിക്കുമെന്ന് ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി മരുന്ന് നൽകി. തുടർന്ന് വ്യാഴാഴ്ച രാവിലെയും മരുന്നു നൽകിയതോടെ പ്രസവവേദന വന്നു. എന്നാൽ പ്രസവത്തിനിടെ ചില തടസ്സങ്ങളുണ്ടായതിനാൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഐസിയുവിലേക്കു മാറ്റുന്നതിനു നിർദേശിക്കുകയും കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തെങ്കിലും കുഞ്ഞ് മരിച്ചു.
അതിനിടെ അനിതയ്ക്കു രക്തസ്രാവം കണ്ടെത്തി. ഡോക്ടർമാർ ചികിത്സ നൽകിയെങ്കിലും രക്തസ്രാവം തുടർന്നതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചു. അനിതയ്ക്കൊപ്പം ഒരു ജൂനിയർ ഡോക്ടറും 2 നഴ്സുമാരും ഉണ്ടായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും അനിതയും മരിച്ചു.
പ്രസവത്തിനിടെ കുഞ്ഞിന്റെ തല പൂർണമായും പുറത്തേക്കു വന്നില്ല. തുടർന്നാണ് ശസ്ത്രക്രിയ നടത്തേണ്ടിവന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.അപ്പുക്കുട്ടൻ പറഞ്ഞു. അനിതയ്ക്ക് ആവശ്യമായ എല്ലാ ചികിത്സയും ആശുപത്രിയിൽ നിന്നു നൽകിയിരുന്നതായാണ് സൂപ്രണ്ടിന്റെ വാദം. ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























