സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി... ആരോപണത്തില്‍ പി കെ ശശിയ്‌ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

സിപിഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്‌ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് വിഷയത്തില്‍ അന്വേഷണ ചുമതല. മണ്ണാര്‍കാട് ഏരിയാ കമ്മിറ്റിയില്‍ പോയി വിശദ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. വിവിധ ആരോപണങ്ങളില്‍ മുന്‍പും പാര്‍ട്ടി അന്വേഷണം നേരിട്ടിട്ടുള്ള പി കെ ശശിയ്‌ക്കെതിരെ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു നടപടി സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം അന്വേഷണം പ്രഖ്യാപിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.
സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി എന്നാണ് പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കു മുന്നില്‍ പ്രഥമ പരിഗണനയിലുള്ള പരാതി. സിപിഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ആരോപണം. സമാന സ്വഭാവമുള്ള മറ്റു പരാതികളും നിലവില്‍ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിയ്ക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളേജിന് വേണ്ടി ഫണ്ട് ദുര്‍വിനിയോഗം നടത്തി എന്നും പരാതിയുണ്ട്.
വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടിയില്‍ അധികം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെ ആയിരുന്നു അഞ്ച് കോടി 49 ലക്ഷം രൂപയുടെ സമാഹരണം. പണം വിനിയോഗിച്ചതിലും അഴിമതി ആരോപണമുണ്ട്. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ മണ്‍സൂര്‍ ആണ് വിഷയത്തില്‍ രേഖാ മൂലം പരാതി സമര്‍പ്പിക്കുകയും പി കെ ശശിയ്‌ക്കെതിരായ ആരോപണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തത്.
https://www.facebook.com/Malayalivartha


























