തില്ലങ്കേരിയെ തീർക്കാൻ ജയരാജൻ എന്ന പൂഴിക്കടകൻ ഇറക്കി പിണറായി, നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായി ആകാശ് തില്ലങ്കേരി, കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിൽ, സി.പി. എമ്മിലെ ചെറിയൊരു വിഭാഗം കാണിക്കുന്ന നെറികേടുകളെ ചെറുക്കാൻ നീക്കം...ഇനി കളി മാറും..

നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായി ആകാശ് തില്ലങ്കേരി, കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുടെ നേതൃത്വത്തിൽ സി.പി. എമ്മിലെ ചെറിയൊരു വിഭാഗം കാണിക്കുന്ന നെറികേടുകളെ ചെറുക്കാൻ നീക്കം.ഷുഹൈബ് വധം പാർട്ടി ഏൽപ്പിച്ചിട്ട് താൻ ചെയ്തതാണെന്ന് വെളിപ്പെടുത്തി സി.പി.എമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാനാണ് ആദ്യ ശ്രമം.. ഇന്ന് തില്ലങ്കേരിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചേരുന്ന വിശദീകരണ യോഗത്തിൽ ക്വട്ടേഷൻ തലവൻ ആകാശിനെതിരേ പ്രസംഗിക്കാൻ പി. ജയരാജനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ജനങ്ങൾക്ക് ബോദ്ധ്യം വരണമെങ്കിൽ പി. ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് നേതാക്കളുടെ പൊതുവികാരം, ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ, തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സി.പി.എം കർശന മുന്നറിയിപ്പ് നൽകി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് ശ്രമം.
ജാമ്യം ലഭിച്ചതോടെ ആകാശും പിൻവാങ്ങുകയാണ്. സി.പി.എമ്മിനോട് ഇനിയും പോർ വിളിക്കുന്നത് തന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണ്ടാണ് വെടി നിറുത്തൽ. അതേസമയം, ആകാശിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിനെ കുരുക്കാനാണ് യു.ഡി.എഫ് നീക്കം.കൊല്ലുന്നവരും കൊല്ലിക്കുന്നവരും പാർട്ടിക്ക് അകത്തുണ്ടെന്ന കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഎം. ഇത്രനാളും ഇക്കാര്യം ആരോപണം മാത്രമായിരുന്നെങ്കിൽ അത് യാഥാർഥ്യമാണെന്നു പ്രതി തന്നെ വിളിച്ചു പറഞ്ഞതാണ് സിപിഎമ്മിൽ കരിനിഴൽ വീഴ്ത്തിയത്. രാഷ്ട്രീയ എതിരാളികൾ ഇത് ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി. സിപിഎം പ്രതിസ്ഥാനത്തു നിൽക്കുന്ന ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലാണ് സിപിഎമ്മിന് ഇടിത്തീയായത്.വിചാരണ കാത്തിരിക്കുന്ന പ്രതിയാണ് തുറന്നുപറച്ചിൽ നടത്തിയതെന്നതു ഗൗരവം കൂട്ടുന്നു. കേസിൽ മാപ്പു സാക്ഷിയാകാനുള്ള ആകാശിന്റെ നീക്കമാണ് ഇതെന്ന് സിപിഎം വിലയിരുത്തുമ്പോഴും വെളിപ്പെടുത്തിയ കാര്യങ്ങൾ പാർട്ടിക്കു ശുഭകരമല്ല. എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി നടത്തുന്ന കേരളയാത്രയുടെ ഒരുക്കങ്ങൾക്കിടയിലാണ് കണ്ണൂരിൽ വിവാദം പുകയുന്നത്.
ഷുഹൈബ് വധത്തിനു ശേഷം ആകാശ് തില്ലങ്കേരിയെ പാർട്ടി പുറത്താക്കിയെന്നും കൊലയുമായി സിപിഎമ്മിനു ബന്ധമില്ലെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. 2018 ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ്.കേസ് സിബിഐ അന്വേഷിക്കണമെന്ന ഷുഹൈബിന്റെ ബന്ധുക്കളുടെ ആവശ്യത്തെ കോടതിയിൽ എതിർത്തത് സിപിഎം നേതൃത്വം നൽകുന്ന സർക്കാരാണ്. ഇതിനായി അഭിഭാഷകരെ ഏർപ്പെടുത്താൻ 90 ലക്ഷം രൂപയോളം ചെലവിട്ടു. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കപ്പെട്ടതുമില്ല. ഈയൊരു സാഹചര്യത്തിലാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സിപിഎമ്മിന് കനത്ത ആഘാതമാകുന്നത്.
പാർട്ടി കയ്യൊഴിഞ്ഞതുകൊണ്ടാണ് ക്വട്ടേഷൻ വഴിയിലേക്കു തിരിയേണ്ടി വന്നതെന്നും ആകാശ് ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നുണ്ട്. ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയുമെന്നാണു പരാമർശം. തങ്ങൾ വായ അടച്ചതുകൊണ്ടു മാത്രമാണ് നേതാക്കളിൽ പലരും പുറത്തിറങ്ങി നടക്കുന്നതെന്ന ഭീഷണിയും ആകാശ് തില്ലങ്കേരി പാർട്ടി നേതൃത്വത്തിനു നേരെ ഉയർത്തിയിട്ടുണ്ട്. ക്വട്ടേഷൻ സംഘമെന്ന് ഇപ്പോൾ മുദ്രകുത്തപ്പെട്ടവരുടെയെല്ലാം ജീവിതം ഇങ്ങനെയാണെന്ന വെളിപ്പെടുത്തലുമുണ്ട്. ഇതിനെല്ലാം സമാധാനം പറയേണ്ട ബാധ്യത സിപിഎമ്മിനായി. പാർട്ടി പ്രവർത്തനം ക്വട്ടേഷൻ സംഘത്തെ ഏൽപിച്ചിട്ടില്ലെന്ന ദുർബലമായ വിശദീകരണമാണ് സിപിഎമ്മിന് ഇക്കാര്യത്തിലുള്ളത്. വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന നിർദേശം അണികൾക്കു നൽകിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha






















