ആകാശ് തില്ലങ്കേരി അറസ്റ്റിൽ... കാപ്പ ചുമത്തി! സമൂഹത്തിന് ഭീഷണി

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയും ക്വട്ടേഷൻ തലവനുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണൂർ മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ തലവനെതിരായ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണു നടപടിയെന്നു പൊലീസ് പറഞ്ഞു.
DYFI പ്രാദേശിക നേതാക്കളുടെ പരാതിയിൽ ആകാശിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പൊലീസും DYFI പ്രവർത്തകനെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂർ പൊലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിന് വലിയ ആഘാതം സൃഷ്ടിച്ച പല വെളിപ്പെടുത്തലും അടുത്തിടെ ആകാശും കൂട്ടരും സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയിരുന്നു. ആകാശിന്റെ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടിയിലേയ്‌ക്ക് പോലീസ് കടന്നിരിക്കുന്നത്.
കണ്ണൂരിലെ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താനാണ് ഷുഹൈബിനെ വധിച്ചത് എന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ ജില്ലയിലെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായിരുന്നു. വിവാദത്തിന് മൂർച്ച കൂട്ടുന്ന തരത്തിൽ ഇതിന് പിന്നാലെ ആകാശിന്റെയും കൂട്ടാളികളുടെയും നിരവധി കുറിപ്പുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ആരോപണങ്ങൾക്ക് മറുപടിയായി പി. ജയരാജൻ അനുകൂലിയായ ആകാശിനെതിരെ പി ജയരാജനെ തന്നെ സിപിഎം നേതൃത്വം രംഗത്തിറക്കിയിരുന്നു. തില്ലങ്കേരി ടൗണിൽ വെച്ചുനടന്ന പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത രാഷ്ട്രീയ വിശദീകരണ യോഗം ആകാശ് ക്വട്ടേഷൻ നേതാവാണെന്ന് ആവർത്തിച്ച്, തള്ളിപ്പറഞ്ഞിരുന്നു.
പി. ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പെജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സമൂഹ മാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം.
സ്ത്രീത്വത്തെ ഫെയ്സ്ബുക്കിൽ അപമാനിച്ചുവെന്ന കേസിൽ, ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങി. ആകാശ് ഉൾപ്പെടെയുള്ളവർക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. ഷുഹൈബ് വധം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്.
സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവും നടത്തുന്നു എന്നാരോപിച്ച് ആകാശിനെയും കൂട്ടരെയും പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ സജീവ പ്രചാരകരാണ് ഈ സംഘം. പ്രാദേശികമായി ആകാശിനെ പിന്തുണയ്‌ക്കുന്ന നിരവധി പേർ പാർട്ടിയിലുണ്ട്. ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയ വഴി എന്ത് പ്രകോപനം സൃഷ്ടിച്ചാലും പ്രതികരിക്കരുതെന്ന് പ്രവർത്തകർക്ക് സിപിഎം നിർദ്ദേശവും നൽകിയിരുന്നു.
https://www.facebook.com/Malayalivartha



























