തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉപദേശക സമിതിയുടേത് ഉൾപ്പടെയുള്ള ഹർജികളിൽ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വംബെഞ്ചിന്റേതാണ് വിധി.
2017ൽ ഭക്തജന സമിതിക്ക് ദേവസ്വം ബോർഡ് ഉപദേശക സമിതിയുടെ പദവി നൽകിയെങ്കിലും ഹൈക്കോടതി വിധിയെത്തുടർന്ന് 2018ൽ ഇത് പിൻവലിച്ചു. ശേഷം രൂപീകരിച്ച ഉപദേശക സമിതിയുടെ പ്രസിഡന്റ് സുകുമാരമേനോൻ ഉൾപ്പടെയുള്ളവരാണ് ഭൂമികളും ബാങ്ക് അക്കൗണ്ടുകളും സ്വർണവും മറ്റും ഭക്തജനസമിതി ബോർഡിന് കൈമാറുന്നില്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ഈ വസ്തുക്കൾ വാങ്ങിയതെന്നായിരുന്നു ഭക്തജനസമിതിയുടെ വാദം. ദേവസ്വം ബോർഡിനെ സഹായിക്കുക എന്നല്ലാതെ ഉപദേശകസമിതിക്ക് പ്രത്യേകം നിയമപരമായ നിലനിൽപ്പോ സ്വതന്ത്രമായ അസ്തിത്വമോ ഇല്ലെന്ന് ഉത്തരവിൽ പറയുന്നു. സംഭാവന പിരിവുകൾ കൃത്യമായി രേഖപ്പെടുത്താതിരിക്കുക, വൗച്ചറുകളില്ലാതെ പണം ചെലവഴിക്കുക, പൊതുവഴിപാടുകൾ സുതാര്യമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുക, അന്നദാനത്തിനായി വൻതുക രസീതുകളില്ലാതെ ചെലവഴിക്കുക തുടങ്ങി തുറവൂർ ക്ഷേത്രസമിതിയുടെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ വിവരിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളും കോടതി വിലയിരുത്തി.
ഹൈക്കോടതി നിർദേശങ്ങൾ കുത്തിയതോട്, പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിൽ ഭക്തജന സമിതിയുടെ പേരിലുള്ള ഭൂമികൾ പോക്കുവരവുചെയ്ത് തണ്ടപ്പേരും മറ്റ് രേഖകളും പ്രതിഷ്ഠയുടെ പേരിലേക്ക് റവന്യൂ, രജിസ്‌ട്രേഷൻ അധികാരികൾ ഉടൻതന്നെ മാറ്റണം.
ഭക്തജനസമിതിയുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കളും ക്ഷേത്ര അലമാരകളുടെ താക്കോലുകളും മറ്റ് വസ്തുക്കളും 30 ദിവസത്തിനകം ദേവസ്വം ബോർഡിന് കൈമാറുകയും വേണം . 'തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതി' എന്ന പേരിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷയിൽ ആലപ്പുഴ ജില്ലാ രജിസ്ട്രാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കുകയും വേണമെന്നാണ് ഹൈക്കോടതി നിർദേശങ്ങളുള്ളത്.
"
https://www.facebook.com/Malayalivartha


























