നിർമിത ബുദ്ധിയിലൂടെ അടിസ്ഥാന സൗകര്യത്തിലടക്കം വലിയ മാറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്; സാങ്കേതികവിദ്യാ രംഗത്ത് ഭാവിയിൽ ലോകത്തെ നയിക്കുക ഇന്ത്യയാകുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ

സാങ്കേതികവിദ്യാ രംഗത്ത് ഭാവിയിൽ ലോകത്തെ നയിക്കുക ഇന്ത്യയാകുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. നിർമിത ബുദ്ധിയിലൂടെ അടിസ്ഥാന സൗകര്യത്തിലടക്കം വലിയ മാറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ACUTRO TECHNOLOGIES പ്രൈവറ്റ് ലിമിറ്റഡിന്‍റെ റോബോട്ടിക്ക് കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സാമൂഹിക ഉത്തരവാദിത്തവും സാങ്കേതിക വിദ്യയും ഒരുമിപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണം മുന്നോട്ട് പോകുന്നത്. സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, റോബോട്ടിക് ടെക്നോളജി ഇവയെല്ലാം രാജ്യത്തെ വലിയ മാറ്റങ്ങളിലേക്ക് ഉയർത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐ ഇന്ന് പലരാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി ഗതിശക്തി വഴി വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണം സാധ്യമായി. ഭാഷകളെയടക്കം നിർമിത ബുദ്ധിയുടെ സാധ്യതകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്രം തുടക്കം കുറിച്ചുകഴിഞ്ഞെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ബജറ്റിലടക്കം വലിയ തുകയാണ് മാറ്റിവക്കുന്നത്. കൃഷി മുതൽ റോക്കറ്റ് സയൻസ് വരെ നിയന്ത്രിക്കുന്ന ആപ്പുകളും സ്റ്റാർട്ടപ്പുകളും ഇന്ന് രാജ്യത്തുണ്ട്. ഡിജിറ്റൽ ഇന്ത്യ എന്നത് ഇന്ന് വെറുമൊരു പേരല്ല, വികസനത്തിനുള്ള വലിയ കാഴ്ചപ്പാടാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മനുഷ്യ ബുദ്ധി എപ്പോഴും നിര്‍മിത ബുദ്ധിയെക്കാള്‍ ഒരു ചുവടു മുന്നിലാണെന്നതിനാൽ യന്ത്രങ്ങളേക്കാള്‍ ബൗദ്ധികമായ ഔന്നത്യം നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha



























