ഇ.ഡിക്കെതിരെ കോടതിയില്‍ പോകാന്‍ മുഖ്യന് പേടി... ക്ലിഫ് ഹൗസിലെ 'സ്വപ്‌നസംഗമം'

ഇരട്ടച്ചങ്കുള്ള കേരളാ മുഖ്യമന്ത്രിക്ക് ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ.ഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഭയം. കോണ്‍ഗ്രസ് എം.എല്‍.എ മാത്യുകുഴല്‍ നാടന്‍ ഇക്കാര്യത്തില്‍ വെല്ലുവിളിച്ചിട്ടും കോടതിയെ സമീപിക്കുമെന്ന് പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിച്ചില്ല. പകരം മാത്യു പച്ചക്കള്ളം പറയുകയാണെന്ന് മാത്രം പറഞ്ഞു.
നാണക്കേട് ഒഴിവാക്കാനായി മാത്യു ഉന്നയിച്ച വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജനറലും സ്വപ്‌നയും ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യന്റെ വലംകയ്യായിരുന്ന എം.ശിവശങ്കര്‍ അകത്തായത്. റിമാന്‍ഡ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാമെന്ന് കുഴല്‍നാടന്‍ പറഞ്ഞെങ്കിലും ഭരണപക്ഷം ബഹളമുണ്ടാക്കി. അതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സാധാരണ പ്രതിപക്ഷമാണ് ഇത്തരം നാടകങ്ങള്‍ കളിക്കാറുള്ളത്.
ലൈഫ് മിഷന്‍ കോഴ ഇടപാടിനെ കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചാണ് മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര അന്വേഷണം ഫലപ്രദമാണെന്നും വ്യക്തമാക്കി. പ്രതിപക്ഷം തെളിവുകള്‍ നിരത്തി ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോഴും മുഖ്യമന്ത്രിയുടെ മുഖം കറുത്തിരുണ്ടു. അദ്ദേഹം ക്ഷുഭിതനായി. കയ്യും മുഖവും വിറച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെങ്കില്‍ ഇ.ഡിക്കെതിരെ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞാല്‍ പോരെ.
ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായപ്പോഴും നിയമനടപടി സ്വീകരിക്കുമെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ആ നിലയ്ക്ക് ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറയാനാവില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ മുമ്പ് കുഴല്‍ നാടന്‍ സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി മേധാവി ജയ്ക് ബാലകുമാര്‍ തന്റെ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ അവരുടെ കമ്പനിയായ എക്‌സാ ലോജിക് സൊല്യൂഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ കുഴല്‍ നാടന്‍ പുറത്തായിതോടെ വിവാദമായ ഭാഗം ഒഴിവാക്കി സൈറ്റ് അപ് ലോഡ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് പ്രൈവ്‌സ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയാണ്. ആ കമ്പനിയുടെ ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്ററാണെന്ന തെളിവാണ് കുഴല്‍നാടന്‍ പുറത്തുവിട്ടത്. എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി അന്നും തട്ടിവിട്ടത്. മകളെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങിപ്പോകുമെന്നാണോ കുഴല്‍നാടന്‍ കരുതിയതെന്നും മേനിപറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് പ്രതിപക്ഷം ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചത്. എന്നിട്ടും നിയമസഭയില്‍ നിഷേധിച്ചതല്ലാതെ പുറത്തൊരക്ഷരം ഇതേക്കുറിച്ച് മിണ്ടാന്‍ കേരളമുഖ്യന്‍ ധൈര്യംകാണിച്ചില്ല.
ഇതാണോ മകളോടുള്ള സ്‌നേഹം. മകള്‍ക്ക് തെറ്റ്പറ്റിയിട്ടില്ലെങ്കില്‍ ഒരച്ഛന്‍ ഇതാണോ ചെയ്യേണ്ടത്. അല്ല. അപ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനൊക്കില്ല. മകള്‍ക്കെതിരെ ആരോപണം ഉണ്ടായതിന് പിന്നാലെ മുഖ്യന്റെ ഭാര്യയ്‌ക്കെതിരെ സ്വപ്‌ന ഗൗരവമായ ആക്ഷേപം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഐ.ടി ഹബ്ബ് തുടങ്ങാനായി ഷാര്‍ജ രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന എഴുതിയ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തില്‍ പറയുന്നു.
വീണയ്ക്ക് ഷാര്‍ജയില്‍ ഐ ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കറാണ് തന്നോട് നിര്‍ദേശിച്ചത്. ഇതെല്ലാം ക്ലിഫ് ഹൗസില്‍ വച്ചാണ് സംസാരിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ശിവശങ്കറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജകുടുംബത്തോട് എങ്ങനെ പെരുമാറണം, ആഥിത്യ മര്യാദകള്‍ എല്ലാം കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കുന്നതിനായി അനൗദ്യോഗികമായ സന്ദര്‍ശനങ്ങളും താന്‍ ക്ലിഫ് ഹൗസില്‍ നടത്തിയെന്ന് വീണ ആരോപിച്ചിരുന്നു.
വീണയ്ക്ക് വിദേശത്ത് ഐടി ഹബ്ബ് തുടങ്ങാന്‍ സ്‌പോണ്‍സറായി ഒരുപാട് വലിയ വിദേശ വ്യവസായികളെ കിട്ടും. എന്നാല്‍ ആ ഇടപാടുകള്‍ കേരളത്തില്‍ വിവാദമാകും. ഷാര്‍ജ രാജകുടുംബത്തിലെ ഒരാള്‍ സ്‌പോണ്‍സറായാല്‍ അതിന് വലിയ പരിരക്ഷ ലഭിക്കും. രഹസ്യങ്ങളൊന്നും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല. ഹെര്‍ ഹൈനസിന് നല്‍കാനായി ആഭരണപ്പെട്ടി വരെ കരുതിവച്ചിരുന്നു. എന്നാല്‍, അവര്‍ ഗവര്‍ണറുടെ അതിഥികള്‍ ആയിരുന്നതിനാല്‍ ടൂര്‍ പ്രോഗ്രാമില്‍ ക്ലിഫ് ഹൗസ് ഉള്‍പ്പെട്ടില്ല.
ആ സാഹചര്യത്തിലാണ് ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം ഷെയ്ഖിന്റെ വാഹനവ്യൂഹത്തെ റീ റൂട്ട് ചെയ്ത് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചത്. എന്നാല്‍, കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല, സമ്മാനമായി കരുതിയ ആഭരണപ്പെട്ടിയും സ്വീകരിച്ചില്ലെന്നും സ്വപ്നയുടെ 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തില്‍ പറയുന്നു. എന്നിട്ടും ഒരു വക്കീല്‍ നോട്ടീസ് പോലും അയയ്ക്കാത്ത മുഖ്യമന്ത്രി എങ്ങനെ കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്കെതിരെ എങ്ങനെ നിയമനടപടി സ്വീകരിക്കും. കാരണം മടിയില്‍ കനമുള്ളവനല്ലേ... വഴിയില്‍ ഭയമുള്ളൂ.
https://www.facebook.com/Malayalivartha



























