നടുറോഡിൽ വീണ്ടും പെൺകുട്ടിക്ക് സുഹൃത്തിന്റെ മർദ്ദനം: രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി...

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വീണ്ടും നടുറോഡിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു. പെൺകുട്ടിയെ മർദ്ദിച്ച ഉച്ചക്കട സ്വദേശി റോണിയെ (20) നാട്ടുകാർ പിടികൂടി നെയ്യാറ്റിൻകര പൊലീസിന് കൈമാറി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നാട്ടുകാരുടെ ഇടപെടൽ. സൗഹൃദത്തിലായിരുന്ന ഇവർ തമ്മിലുളള കലഹം മർദ്ദനത്തിൽ കലാശിച്ചെന്നാണ് വിവരം. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടു ദിവസം മുമ്പ് ഇതേ ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടിയെ ആനാവൂർ സ്വദേശിയായ ഷിനോജ് (20) മർദ്ദിച്ചിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന നാടകീയ സംഭവം അവസാനം അപകടത്തിൽ ചെന്നെത്തുകയായിരുന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയുടെ മുഖത്ത് ഒരാൾ അടിച്ചതോടെയാണ് സംഭവത്തിന്റെ ആരംഭം. പെൺകുട്ടിയുടെ മുഖത്തടിച്ച ശേഷം രക്ഷപ്പെടാൻ യുവാവ് കാട്ടിക്കൂട്ടിയ ശ്രമത്തിനിടെ അപകടം ഉണ്ടാവുകയായിരുന്നു. നെയ്യാറ്റിൻകരയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആനാവൂർ സ്വദേശിയായ ഷിനോജാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്.
പെൺകുട്ടിയെ അടിക്കുന്നത് കണ്ടുനിന്ന നാട്ടുകാർ ഷിനോജിനെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാളും സുഹൃത്തും സഞ്ചരിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ചത്. ഇവർ സഞ്ചരിച്ച കാർ രണ്ട് ഓട്ടോറിക്ഷകളിലും നാല് ബൈക്കുകളിലും ഇടിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
അപകട പരമ്പരയ്ക്കൊടുവിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചു നിന്നത് പൊലീസ് ജീപ്പിലാണ്. പെൺകുട്ടിയുടെ സുഹൃത്താണ് ഷിനോജ് എന്നാണ് വിവരം. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ഷിനോജ് പെൺകുട്ടിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും മുഖത്തടിക്കുകയും ചെയ്തതായാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.മർദനമേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനാൽ, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷമാണ് നടുറോഡിൽ മറ്റൊരു പെൺകുട്ടിയ്ക്ക് മർദ്ദനമേറ്റത്.
https://www.facebook.com/Malayalivartha



























