മാലിന്യസംസ്‌കരണത്തിൽ പോലും സർക്കാരിന്റെ കൈയ്യിട്ടുവാരൽ, ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിൽ മാരകവിഷമായ ഡയോക്‌സിൻ, ദുരന്തം വരുംതലമുറയും ഏറ്റുവാങ്ങേണ്ടിവരും

ജനങ്ങളുടെ അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങളിലൊന്നായ മാലിന്യസംസ്‌കരണത്തിൽ പോലും പിണറായി സർക്കാർ കയ്യിട്ടുവാരിയതിന്റെ ദുരന്തം വരുംതലമുറയും ഏറ്റുവാങ്ങേണ്ടിവരും. മുമ്പ് സമാനമായി നടന്ന സംഭവങ്ങളുടെ പഠനം ഇതാണ് വ്യക്തമാക്കുന്നത്. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റിൽ മാരകവിഷമായ ഡയോക്‌സിൻ ഉണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസ്പ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇഡസ്ട്രിയൽ റിസർച്ചും 2019-20ൽ നടത്തിയ പഠനം കണ്ടെത്തി.
എന്നിട്ടും കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും കയ്യുംകെട്ടി നോക്കിനിന്നു. അതുകൊണ്ട് ഡാം തുറന്ന് വിട്ട് പ്രളയത്തിന്റെ ആഘാതം കൂട്ടിയത് പോലെ മനുഷ്യനിർമിതമായ മറ്റൊരു ദുരന്തമായി ബ്രഹ്‌മപുരത്തെ തീപിടുത്തവും തുടർന്നുണ്ടായ വിഷപ്പുകയും മാറിയിരിക്കുന്നു. ഈ പുക അന്തരീക്ഷത്തിലൂടെ പടർന്ന് ജനങ്ങളിലെത്തും. ഇത് രണ്ട് രീതിയിൽ ദോഷമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒന്നാമതായി ത്വക്ക് രോഗങ്ങൾ, കരളിന്റെ പ്രവർത്തനങ്ങൾ എന്നിവയെ പെട്ടെന്ന് ബാധിക്കും. രണ്ടാമത്തേത് ദീർഘകാല പ്രശ്‌നമാണ്. ക്യാൻസർ, വന്ധ്യത എന്നിവയുണ്ടാകാൻ സാധ്യത കൂടുതലാണ്. അത് പോലെ എൻഡോക്രൈനോളജി ഹോർമോണൽ ബാലൻസിന് പ്രശ്‌നമാകും.
ബ്രഹ്‌മപുരത്ത് മാലിന്യം കുന്ന് കുട്ടിയിട്ടിയാണ് ഇട്ടിരിക്കുന്നത്. അതിനാൽ അടിഭാഗത്ത് ഓക്‌സിജന്റെ അഭാവത്തിലാണ് മാലിന്യം അഴുകുന്നത്. അതുകൊണ്ട് ഇതിൽ നിന്ന് മീഥൈൻ വാതകം ഉണ്ടകും. ഈ വാതകം അടിയിൽ നിന്ന് ഹൈ പ്രഷറിലാണ് മുകളിലേക്ക് പൊങ്ങിവരുക. അതിനാൽ പെട്ടെന്ന് തീ പിടിക്കും. തീ പിടിച്ചാൽ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും കത്തുമ്പോഴുള്ള ഡയോക്‌സിൻസ്, പോളി ക്‌ളോറൈഡ് ബൈഫിനയൽ ബേഴ്‌സിസ്റ്റന്റ് തുടങ്ങിയ ഓർഗാനിക് മ്യൂട്ടന്റ്‌സ് എന്ന ഒരു കൂട്ടം രാസപദാർത്ഥങ്ങളുണ്ടാകും.
ഇത് വെള്ളം, ആഹാരം എന്നിവയിലൂടെ മനുഷ്യശരീരത്തിലെത്തും. ഇതിനെ പുറന്തള്ളാൻ കിഡ്ണിക്കോ ലിവറിനോ കഴിയില്ല. അതുകൊണ്ട് കൊഴുപ്പിൽ അടുഞ്ഞുകൂടും. ഇത് ഒരുപരിധി കഴിയുമ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പ്ലാസ്റ്റിക് കത്തിക്കുന്നത് രാജ്യത്ത് നിയമം മൂലം നിരോധിച്ചതിന്റെ പ്രധാന കാരണം ഇതാണെന്ന് ഈ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാലിന്യം കത്തിച്ചതിലൂടെയാണ് ലോകത്തെല്ലായിടത്തും പരിസ്ഥിതിയിൽ ഡയോക്‌സിൻ ഉണ്ടായതെന്ന് പഠനങ്ങൾ പറയുന്നു.
അതുകൊണ്ടാണ് മാലിന്യം ജെവം, അജൈവം, മെറ്റാലിക്, ഹെവിമെറ്റീരിയൽ, ടോക്‌സിക്, എന്നിങ്ങിനെ തരംതിരിക്കണം എന്ന് പറയുന്നത്. ജൈമ മാലിന്യത്തിൽ നിന്ന് മീഥൈൻ മാത്രമേ ഉണ്ടാകൂ. എന്നാൽ എല്ലാത്തരം മാലിന്യങ്ങളും കൂട്ടിക്കുഴഞ്ഞാണ് കൊച്ചിയിൽ കിടക്കുന്നത്. ഇത് തരംതിരിച്ച് പ്ലാസ്റ്റിക് മാത്രം സംസ്‌കരിക്കുന്നതിനാണ് സോണ്ട ഇൻഫോടെക് എന്ന കമ്പനിക്ക് കരാർ കൊടുത്തത്. സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഏഴരക്കോടി മൊബിലൈസേഷൻ അഡ്വാൻസ് വാങ്ങിയിട്ട് അവിടെയാതൊരുന്നും ചെയ്തില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മാത്രമല്ല മുൻസിപ്പൽ ആക്ട് പ്രകാരം മാലിന്യസംസ്‌കരണം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം ആണെന്നിരിക്കെ സംസ്ഥാന സർക്കാർ അതിൽ കൈകടത്തി.
കെ.എസ്.ഐ.ഡി.സിയെ കൊണ്ട് ടെണ്ടർ വിളിപ്പിച്ചാണ് ഈ കമ്പനിക്ക് കരാർ കൊടുത്തത്. ബ്രഹ്‌മപുരത്തെ തീയും പുകയും കെടുത്താനായി കൂടിയ അളവിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ഇതിനകത്ത് വലിയൊരു അപകടമുണ്ടെന്നാണ് പ്രൊഫ. പ്രസാദ് പോൾ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളം അടിയിലേക്ക് ഊർന്നിറങ്ങുന്നതിനൊപ്പം വിഷമാലിന്യങ്ങളും മണ്ണിലേക്കിറങ്ങും. അവിടെ നിന്ന് ജലാശയങ്ങളിലേക്ക് പോകും. അങ്ങനെ വായുവും മണ്ണും ജലവും വിഷമയമാകുമെന്ന് മാത്രമല്ല ഇതെല്ലാം ഏറെ നാൾ അവിടെ കിടക്കുകയും ചെയ്യും.
മീനുകൾക്ക് പ്രശ്‌നങ്ങളുണ്ടാകും മത്സ്യം ഭക്ഷിക്കുന്നവരെയും ബാധിക്കും. സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിന് ഡയോക്‌സിൻ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമില്ലെന്ന് അവിടുത്തെ ചില ഉദ്യോഗസ്ഥർ പറയുന്നു. ഡീസൽ വാഹനങ്ങൾ, ഫാക്ടറികൾ, മറ്റ് രീതികൾ എന്നിവയിലൂടെ ഡയോക്‌സിൻ മനുഷ്യശരീരത്തിലെത്തുന്നുണ്ട്. ഡയോക്‌സിൻ ക്യാൻസർ ഉണ്ടാക്കുന്ന മാരക വിഷമാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നു. വിയറ്റ്‌നാം, ഫിലിപ്പൈൻസ്, ഗ്രീസ്, അമേരിക്ക എന്നിവിടങ്ങളിൽ ഡയോക്‌സിൻ ദുരന്തങ്ങളുണ്ടായിട്ടുണ്ട്.
ഇതിൽ ഏറ്റവും വലുത് മനുഷ്യനിർമിതമായ ദുരന്തമാണ്. അത് ഇങ്ങിനെയാണ്: വിയറ്റ്‌നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ച് എന്ന പേരിൽ അമേരിക്ക വിയറ്റ്‌നാം കാടുകളുടെ മുകളിൽ ഡയോക്‌സിൻ തളിച്ചു. കാടുകളിൽ ഒളിഞ്ഞിരുന്ന ഗറില്ലാ പടയാളികളെ കണ്ടെത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. നിർഭാഗ്യവശാൽ അമേരിക്കൻ പട്ടാളക്കാരുടെ ശരീരത്തിലും ഇത് വീണു.
യുദ്ധം കഴിഞ്ഞ് നാട്ടിലെത്തിയ അവർക്ക് പിന്നീട് ഉണ്ടായകുട്ടികൾക്ക് ജനിതകവൈകല്യം, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ എന്നിവ ഉണ്ടായി. തുടർന്ന് നടത്തിയ പഠനത്തിലാണ് ഏജന്റ് ഓറഞ്ചാണ് പ്രശ്‌നകാരണമെന്ന് കണ്ടെത്തിയത്. ഇന്നും ഇതിന്റെ വൈകല്യമേറി ജീവിക്കുന്നവർ വിയറ്റ്‌നാമിലുണ്ട്. അതുകൊണ്ട് സി.പി.എം ഭരണകൂടവും സോണ്ട കമ്പനിയും കൊച്ചിയിൽ വിതച്ച ഡയോക്‌സിൻ ദുരന്തത്തിന്റെ ആഘാതം എന്താണെന്ന് പ്രവചനാതീതമാണ്.
തിരുവനന്തപുരത്തും സമാനമായ ദുരന്തം സി.പി.എം ഭരിക്കുന്ന നഗരസഭ സൃഷ്ടിച്ചേനെ. അതിന് തടയിട്ടത് 2011ൽ വിളപ്പിൽശാല പഞ്ചായത്ത് ഭരിച്ച ഭരണസമിതിയും അവിടുത്തെ ജനങ്ങളുമാണ്. സാധാരണ ജനം ജീവിക്കുന്ന വിളപ്പിൽ ഗ്രാമത്തെ നഗരസഭയുടെ കുപ്പത്തൊട്ടിയാക്കി സി.പി.എം ഭരണസമിതി മാറ്റിയിരുന്നു. പൂന്തോട്ടം നിർമാണത്തിന് എന്ന പേരിൽ പ്രദേശവാസികളെ പറഞ്ഞ് പറ്റിച്ചാണ് സി.പി.എം ഭരിച്ച തിരുവനന്തപുരം നഗരസഭ വിളപ്പിൽശാലയിൽ ഏക്കറ് കണക്കിന് ഭൂമി വാങ്ങിയത്. പിന്നീട് രാത്രിയുടെ മറവിൽ നഗരമാലിന്യം ലോറികളിൽ അവിടേക്ക് ഒഴുകി.
പത്ത് കൊല്ലത്തിന് ശേഷം പ്രദേശത്ത് ദുർഗന്ധം കാരണം ജീവിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി. ജനങ്ങൾ സമരത്തിനിറങ്ങി. പഞ്ചായത്ത് മാലിന്യപ്ലാന്റിന്റെ ലൈസൻസ് റദ്ദാക്കി. കേസ് കോടതി കയറി. അനുകൂലവിധിയുണ്ടായിട്ടും വിളിപ്പിൽശാലക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ സി.പി.എമ്മും ഭരണസമിതിയും മുട്ടുമടക്കി. കൊച്ചിയിലും താമസിയാതെ ഈ കാഴ്ച കാണാനാകും.
https://www.facebook.com/Malayalivartha























