പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി... ഇതിനിടെ രണ്ടുതവണ നിരക്ക് കൂട്ടി... വീണ്ടും ഏപ്രിലില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുക്കം
പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി...ഇതിനിടെ രണ്ടുതവണ നിരക്ക് കൂട്ടി... വീണ്ടും ഏപ്രിലില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുക്കം.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒമ്പത് അര്‍ധരാത്രിമുതലാണ് ടോള്‍ പിരിവ് ആരംഭിച്ചത്. 2022 മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചശേഷം രണ്ടുതവണ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നിനും നവംബര്‍ മൂന്നിനുമാണ് അഞ്ചുമുതല്‍ പത്ത് ശതമാനംവരെ വര്‍ധിപ്പിച്ചത്. 2023 ഏപ്രില്‍ ഒന്നുമുതല്‍ 10 ശതമാനം വര്‍ധന ഉണ്ടാകാനാണ് സാധ്യത.
ദേശീയപാതയും സര്‍വീസ് റോഡും പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ടോള്‍ പിരിവ് ആരംഭിച്ച കരാര്‍ കമ്പനിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടായിരുന്നു.ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിശ്ചിത തുക നല്കി മാസപാസ് എടുക്കണമെന്നായിരുന്നു കരാര്‍ കമ്പനിയുടെ നിര്‍ദേശം. ഇത് അംഗീകരിക്കാന്‍ പ്രദേശവാസികള്‍ തയ്യാറാകാത്തതിനാല്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു.
ടോള്‍ പിരിവ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പി പി സുമോദ് എംഎല്‍എ കരാര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്ന് ആറ് പഞ്ചായത്തിലുള്ളവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് സൗജന്യ യാത്ര അനുവദിക്കാനായി തീരുമാനമായി. ഇത് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പ്രദേശവാസികളില്‍ നിന്ന് ഏപ്രില്‍ മുതല്‍ ടോള്‍ പിരിക്കുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇതിനുമുമ്പ് നിരവധി തവണ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനായി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ടോള്‍ പിരിവ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ദേശീയപാതയുടെയും സര്‍വീസ് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാതെ വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതും പ്രദേശവാസികളില്‍നിന്ന് ടോള്‍ പിരിക്കുന്നതും വന്‍ പ്രതിഷേധത്തിനിടയാക്കിയേക്കും.
"
https://www.facebook.com/Malayalivartha