ഇനി മൂന്നാഴ്ച മാത്രം... രാഹുല്‍ ഗാന്ധിയെ ജയിലില്‍ അടയ്ക്കാന്‍ ആര്‍ക്കാണിത്ര താത്പര്യം; സൂറത്ത് കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വിധി സ്റ്റേ ചെയ്യാന്‍ ഒരു നീക്കവും നടത്താതെ കോണ്‍ഗ്രസ്; വന്‍ വക്കീലന്‍മാര്‍ ഉണ്ടായിട്ടും തിരക്കുകൂട്ടി അപ്പീല്‍ വേണ്ടെന്ന് തീരുമാനം

കമ്മ്യൂണിസ്റ്റ്കാരെപ്പോലും രക്ഷിക്കാന്‍ കോണ്‍ഗ്രസ് വക്കീലന്‍മാര്‍ കൊച്ചിയില്‍ പറന്നെത്തിയ വാര്‍ത്ത എത്രവട്ടമാ മലയാളികള്‍ വായിച്ചത്. കോണ്‍ഗ്രസില്‍ അത്രയ്ക്ക് കപില്‍ സിബിലിനെ പോലെ പ്രഗത്ഭരായ വക്കീലന്‍മാരുണ്ട്. പണവും പ്രിയങ്ക, സോണിയ ഗാന്ധി തുടങ്ങിയ വന്‍ ആള്‍ബലവുമുണ്ട്. എന്നിട്ടും രാഹുല്‍ ഗാന്ധിയ്ക്ക് ജയിലില്‍ കിടക്കാനാണ് യോഗം.
സൂറത്ത് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. തിരക്കു കൂട്ടേണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കണക്കിലെടുത്തെന്നാണ് അണിയറ സംസാരം. എന്നാല്‍ രാഹുലിനെ ജയിലില്‍ കിടത്താന്‍ സോണിയയോ പ്രിയങ്കയോ ആഗ്രഹിക്കുമോ.
2 വര്‍ഷത്തേക്കു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കേണ്ടതില്ലെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നുമാണ് ഏതാനും ദിവസം മുന്‍പു വരെ രാഹുല്‍ നേതൃത്വത്തെ അറിയിച്ചിരുന്നത്. അപ്പീല്‍ നല്‍കുന്നതിനു കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്കു പോകാമെന്നും ചര്‍ച്ചകളില്‍ രാഹുല്‍ നിലപാടെടുത്തു.
പൂര്‍വികരായ ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും ജയിലില്‍ പോയവരാണെന്നും അതേ മാര്‍ഗം സ്വീകരിക്കാന്‍ മടിയില്ലെന്നും വ്യക്തമാക്കി. അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂലവികാരം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നു നേതൃത്വം കണക്കുകൂട്ടിയെങ്കിലും കടുത്ത മാര്‍ഗം തല്‍ക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നേതൃത്വത്തിന്റെ തീരുമാനം കണക്കിലെടുത്ത് അപ്പീല്‍ നല്‍കാന്‍ രാഹുല്‍ സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ ഐക്യവും കേന്ദ്ര സര്‍ക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു വിലയിരുത്തുന്ന രാഹുല്‍, ധൃതിപിടിച്ച് അപ്പീല്‍ നല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷ ഐക്യം ബലപ്പെടുത്തുകയാണു ലക്ഷ്യം. വൈകിയാണെങ്കിലും രാഹുലിന്റെ അനുമതി ലഭിച്ചതോടെ, അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ഔദ്യോഗിക വസതിയൊഴിയാന്‍ ലോക്‌സഭാ ഭവനകാര്യ വിഭാഗം നിര്‍ദേശിച്ച രാഹുല്‍ ഗാന്ധിക്ക് താമസിക്കാന്‍ വീടു വാഗ്ദാനം ചെയ്തു സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രചാരണം. 'എന്റെ വീട്, താങ്കളുടെയും' എന്ന വാചകത്തോടെ രാഹുലിനെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നതിന്റെ ദൃശ്യങ്ങളാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്.
അതേസമയം സവര്‍ക്കര്‍ വിഷയത്തില്‍ ശിവസേനയുമായുള്ള പ്രശ്‌നങ്ങള്‍ രാഹുല്‍ പരിഹരിച്ചു. ഇന്നലെ പാര്‍ലമെന്റിലെത്തിയ രാഹുല്‍ ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) എംപി: സഞ്ജയ് റാവുത്തുമായി കൂടിക്കാഴ്ച നടത്തി. സവര്‍ക്കറെ രാഹുല്‍ അപമാനിക്കുന്നതില്‍ ശിവസേന നീരസം പ്രകടിപ്പിച്ചിരുന്നു. സോണിയയെയും രാഹുലിനെയും കണ്ടെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും റാവുത്ത് പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ കാരണമായ വിവാദ പ്രസംഗത്തിന് വേദിയായ കര്‍ണാടകയിലെ കോലാറില്‍ വീണ്ടും റാലിയുമായി രാഹുല്‍ ഗാന്ധി. ഏപ്രില്‍ അഞ്ചിനാണ് റാലിയും പൊതുസമ്മേളനവും ഒരുക്കുക.
2019ല്‍ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം ലോക്‌സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്. 'എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന പേര് എന്തുകൊണ്ടുവന്നു' എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് മോദി സമുദായത്തെ അവഹേളിക്കലാണെന്ന് വാദിച്ച് ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് സൂറത്ത് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വര്‍മ വിധിച്ചത്. കര്‍ണാടകയില്‍ മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിനെ അയോഗ്യനാക്കിയത് പ്രധാന പ്രചാരണ വിഷയമാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് കോലാറിലെ റാലിയിലൂടെ നല്‍കുന്നത്.
https://www.facebook.com/Malayalivartha
























