നേരിട്ട് ഹാജരാകണം... മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ പാട്‌ന കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്; നേരിട്ട് ഹാജരായി മൊഴിനല്‍കണം; തുടര്‍ച്ചയായ കേസുകള്‍ രാഹുലിന് തിരിച്ചടിയാകുന്നു

മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ പാര്‍ട്ടിക്കാരില്‍ നിന്നും കിട്ടുന്ന പിന്തുണ കണ്ട് കണ്ണ് മഞ്ഞളിക്കുന്നതല്ലാതെ ജയിലില്‍ പോകാതിരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. അതിനിടെ പാട്‌ന കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചു.
ഏപ്രില്‍ പന്ത്രണ്ടിന് നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ മോദി പരാമര്‍ശത്തിലെ ശിക്ഷയ്ക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോലാറിലേക്ക് രാഹുല്‍ പോകുന്നതിന് മുമ്പ് അപ്പീല്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ചിനാണ് രാഹുല്‍ കോലാറിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നത്. വിധിയും അയോഗ്യതയും രാഷ്ട്രീയ ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതേസമയം, ഭാരത് ജോഡോ യാത്രയിലെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും.
വീട് വളഞ്ഞ് നോട്ടീസ് നല്‍കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കാന്‍ രാഹുലിന്റെ വസതിയില്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
എം പി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ തിടുക്കപ്പെട്ട് ഔദ്യോഗിക വസതിയില്‍ നിന്നും രാഹുലിനെ ഇറക്കിവിടാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം വലിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്.
ചെങ്കോട്ടയില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ജനാധിപത്യ സംരക്ഷണ ശാന്തി മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് അവഗണിച്ച് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് നേതാക്കള്‍ ചെങ്കോട്ടയില്‍ എത്തുന്നത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ജെബി മേത്തര്‍ എം.പി അടക്കം വനിതകളെ പൊലീസ് വലിച്ചിഴച്ച് മാറ്റി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു. പൊലീസ് പന്തങ്ങള്‍ പിടിച്ചുവാങ്ങി.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. മോദിഅദാനി ബന്ധം ആരോപിച്ചുള്ള മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു മാര്‍ച്ച്. പൊലീസ് മാര്‍ച്ചിന് ആദ്യം അനുമതി നല്‍കിയ ശേഷം പിന്നീട് നിഷേധിച്ചതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജയ് ഭാരത് സത്യഗ്രഹം അടക്കം രാജ്യവ്യാപകമായി ഒരുമാസം നീളുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ സ്വീകാര്യത അടുത്ത തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിപ്പോള്‍. അപ്രതീക്ഷിതമായി പ്രതിപക്ഷത്തെ വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും കോണ്‍ഗ്രസിന് പുതുഊര്‍ജ്ജമായിട്ടുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പും വിഷയം സജീവമാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























