കാല്‍നടയായി ഹജ്ജിന് പോകുന്ന ശിഹാബ് ചോറ്റൂര്‍ കുവൈത്തിലെത്തി: കുവൈത്തില്‍ നിന്ന് ഇനി സൗദിയിലേക്ക്

കാല്‍നടയായി ഹജ്ജിന് പോകുന്ന ശിഹാബ് ചോറ്റൂര്‍ കുവൈത്തിലെത്തി. കഴിഞ്ഞ ദിവസം രാത്രി അബ്ദലി അതിര്‍ത്തി വഴിയാണ് അദ്ദേഹം ഇറാഖില്‍നിന്ന് കുവൈത്തില്‍ പ്രവേശിച്ചത്. അബ്ദലിയില്‍നിന്ന് ജഹ്‌റയും പിന്നിട്ട് കുവൈത്ത് അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിക്കലാണ് ഇനി ലക്ഷ്യം എത്രയും വേഗത്തില്‍ കുവൈത്ത് അതിര്‍ത്തികടന്ന് മദീനയിലേക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഇറാഖില്‍നിന്ന് അറാര്‍ അതിര്‍ത്തിവഴി സൗദിയിലേക്ക് പോകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ഇതിന് അനുമതി കിട്ടിയില്ല. ഇറാഖ് ബോര്‍ഡറില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും എമിഗ്രേഷന്‍ അധികൃതര്‍ സൗദിയിലേക്ക് പോകാന്‍ അനുമതി കൊടുത്തില്ല. ഇതോടെ തിരിച്ച് 200 കിലോമിറ്ററോളം നടന്ന് അബ്ദലി വഴി കുവൈത്തിലെത്തി. തന്റെ യാത്രയുടെ വലിയൊരു ഘട്ടം പിന്നിട്ടെന്നും ഈ വര്‍ഷം തന്നെ ഹജ്ജ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇറാനിലൂടെയും ഇറാഖിലൂടെയും കുവൈത്തിലൂടെയും നടന്ന് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കുകയാണ് ശിഹാബിന്റെ ലക്ഷ്യം.
വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും യാത്ര ആരംഭിച്ചത് മുതല്‍ വിവാദങ്ങള്‍ തന്റെ കൂടെ തന്നെ നടക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. ഇറാനില്‍ നിന്നാണ് യാത്രയില്‍ ഏറ്റവും നല്ല അനുഭവങ്ങളുണ്ടായതെന്നും ഒരിക്കലും മറക്കാനാവാത്ത സ്‌നേഹമാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസവും 10 മണിക്കൂറില്‍ അധികം നടന്നു, എന്നാല്‍ ഇറാനില്‍ കാലാവസ്ഥ ഒട്ടും അനുകൂലമെല്ലായിരുന്നു.
കനത്ത മഞ്ഞ് വീഴ്ചയിലും തണുപ്പും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇറാഖിലെ ചരിത്രപ്രസിദ്ധമായ ഇടങ്ങള്‍ കണ്ടും നടന്നും തീര്‍ത്തു. റമദാന്‍ മാസമാണെങ്കിലും നടത്തത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല. ദിവസും പ്രഭാതത്തില്‍ ഭക്ഷണം കഴിച്ച ശേഷം നടത്തും തുടങ്ങും. നോമ്പ് തുറക്ക് തൊട്ടുമുമ്പ് റോഡരികില്‍ കാണുന്ന പള്ളികളിലോ, കൂടാരങ്ങളിലോ എത്തും, രാത്രികളില്‍ പറ്റിയാല്‍ അവിടെ തങ്ങും.
അല്ലെങ്കില്‍ രാത്രികളില്‍ ചില പെട്രോള്‍ പമ്പുകളിലും മറ്റുമാണ് അന്തിയുറക്കം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടില്‍ നിന്ന് തുടങ്ങിയ കാല്‍നടയാത്രയാണ് ഇപ്പോള്‍ കുവൈത്തില്‍ എത്തി നില്‍ക്കുന്നത്. 2022 ജൂണ്‍ രണ്ടിന് പുലര്‍ച്ചെയാണ് ശിഹാബ് തന്റെ സ്വപ്നം പൂര്‍ത്തിയാക്കാനുള്ള യാത്ര ആരംഭിച്ചത്. 8640 കിലോമീറ്റര്‍ 280 ദിവസം കൊണ്ട് നടന്നു തീര്‍ക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha
























