വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ വിളാത്തുകുളം മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എംഎല്‍എയുടെ വീട്ടിലെത്തി തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസം മുമ്പ് കോവില്‍പെട്ടിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതിനായി ഡിഎംകെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് വിജയ്‌ക്കെതിരെ എംഎല്‍എ വിവാദ പ്രസംഗം നടത്തിയത്. യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മാര്‍ക്കണ്ഡേയന്‍ മുഖ്യമന്ത്രിയെ രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. വിജയ്‌യെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള എംഎല്‍എയുടെ പ്രസംഗം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
ഇതിനെതിരെ തൂത്തുക്കുടി ടിവികെ നോര്‍ത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ തൂത്തുക്കുടി ജില്ലാ ക്രൈംബ്രാഞ്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം എംഎല്‍എയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ ഡിഎംകെ പ്രവര്‍ത്തകരും അനുഭാവികളും ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് ഇവരെ പിരിച്ചുവിടുകയും മാര്‍ക്കണ്ഡേയനെ തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വിജയ്‌യെക്കുറിച്ച് പരാമര്‍ശിച്ചത്. കരൂരിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകളും അദ്ദേഹം നടത്തി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനോട് നിങ്ങളുടെ അച്ഛനെയാണ് താന്‍ തിരയുന്നതെന്ന് വിജയ് പറഞ്ഞതും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരമൊരു പ്രസംഗം താന്‍ എവിടെയും കേട്ടിട്ടില്ലെന്നായിരുന്നു മാര്‍ക്കണ്ഡേയന്‍ പറഞ്ഞത്. തങ്ങളെ കോമാളികളായാണോ മുഖ്യമന്ത്രി കാണുന്നതെന്ന് ചോദിച്ച അദ്ദേഹം ബാക്കി കാര്യങ്ങള്‍ നിയമസഭയില്‍ വച്ച് കാണാമെന്നും വെല്ലുവിളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























