അര്‍ദ്ധരാത്രി പെട്ടു... രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു; പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ വഴിയില്‍ പഞ്ചറായത് വലിയ ടെന്‍ഷനായി; പ്രതിയുമായി പൊലീസ് പെരുവഴിയില്‍ കിടന്നത് ഒരു മണിക്കൂര്‍

രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കൈയ്യില്‍ കിട്ടി കേരളത്തിലെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും വിറച്ചു പോയി. കോഴിക്കോട്ടേക്കാണ് കൊണ്ടുപോകുന്നതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി.കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ വച്ചാണ് ടയര്‍ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്.
പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍ഗോഡ് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്. മമ്മാക്കുന്ന് എത്തിയതോടെ പുലര്‍ച്ചെ 3.35ന് കാറിന്റെ പിന്‍ഭാഗത്തെ ടയര്‍ പൊട്ടി അപകടത്തില്‍ പെട്ടു. 45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂര്‍ എടിഎസിന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന്‍ തകരാര്‍ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാര്‍ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേക്ക് തിരിച്ചു. ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ ടി എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കൂടുതല്‍ പേരിലേക്ക് കേസന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായും വിവരമുണ്ട്.
പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കൊടാക് ബാങ്ക് എ ടി എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ ടി എസ് വിശദീകരിച്ചിരുന്നു.
രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിന് പിന്നാലെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തായി. ട്രെയിന്‍ ആക്രമണത്തിന് ശേഷം ലഭിച്ച ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായകമായ തുമ്പ് പൊലീസിന് ലഭിച്ചത്. ഷാരൂഖ് സൈഫിയുടെ ബാഗില്‍ നിന്ന് കിട്ടിയ ഫോണില്‍ 2 സിമ്മുകള്‍ ഉപയോഗിച്ചെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്ര ഏജന്‍സികളടക്കം ഈ വിവരത്തിന് പിന്നാലെ സസൂഷ്മം നിരീക്ഷണം തുടര്‍ന്നിരുന്നു.
ഇന്നലെ പുലര്‍ച്ചയോടെ രത്‌നഗിരിയില്‍ ഇതില്‍ ഒരു സിം ഓണായതാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. സിം ഓണായതിന് പിന്നാലെ തന്നെ ഐ ബി വിവരം മഹാരാഷ്ട്ര എ ടി എസിന് വിവരം കൈമാറി. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. എ ടി എസ് നിമിഷങ്ങള്‍ക്ക് അകം രത്‌നഗിരി ആര്‍ പി എഫിന് വിവരം കൈമാറി. അപകടം മണത്തറിഞ്ഞ ഷാറൂഖ് സൈഫി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ചെന്ന് ചാടിയത് ആര്‍ പി എഫിന്റെ വലയിലായിരുന്നു.
പൊലീസെത്തുന്നതറിഞ്ഞ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതി പിടിയിലായത്. അങ്ങനെ ദിവസങ്ങളായി രാജ്യം മുഴുവന്‍ തിരയുന്ന പ്രതി അകത്താകുകയും ചെയ്തു. കൃത്യമായ കോര്‍ഡിനേഷന്‍, വിവരങ്ങളുടെ കൈമാറ്റം, ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനം, ഇവയാണ് രാജ്യം കാത്തിരുന്ന പ്രതിയെ ഇത്രയും വേഗത്തില്‍ വലയിലാക്കാന്‍ സഹായിച്ചത്. അതേസമയം ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























