ലക്ഷ്യം വേറെ... എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പ്രാഥമിക മൊഴി; പിന്നില്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ കടുപ്പിക്കും; ഷാറുഖിനെ കുരുക്കിയത് മൊബൈല്‍ ഫോണ്‍; രത്നാഗിരിയില്‍ ആശുപത്രിയില്‍ വച്ച് ഓണാക്കിയത് വിനയായി

എലത്തൂരില്‍ ഓടുന്ന ട്രെയിനിനുള്ളില്‍ തീകൊളുത്തിയ സംഭവത്തില്‍ പ്രതി ഷാറുഖ് സെയ്ഫി കേരളത്തിലാണ്. ചോദ്യം ചെയ്യലില്‍ ആസൂത്രിതമെന്ന് സൂചിപ്പിക്കുന്നതാണ് പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടന്ന ട്രെയിന്‍ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു.
ഷാറുഖിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളാണ് മൊഴിയില്‍നിന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലുള്ള ട്രെയിനിലെ ഡി 1, ഡി 2 കോച്ചുകള്‍ അന്വേഷണ തലവന്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.
പ്രധാന സാക്ഷിയായ റാസിഖിന്റെ മട്ടന്നൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുമായും അന്വേഷണ സംഘം ചര്‍ച്ച നടത്തി. അതേസമയം, മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാറുഖിനെ ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കച്ചു. പ്രതിയുമായി ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘം ഇന്നലെ കര്‍ണാടകയിലെത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര്‍ മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നു.
ഈ സംഭവത്തിലെ പ്രതി ഷാറുഖ് സെയ്ഫിയെ കുടുക്കിയത് മൊബൈല്‍ ഫോണാണ്. ആക്രമണത്തിനു പിന്നാലെ സ്വിച്ച് ഓഫാക്കിയിരുന്ന മൊബൈല്‍ ഫോണ്‍, രത്നാഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനു പിന്നാലെ ഷാറുഖ് ഓണാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ഷാറുഖിന്റെ ഫോണിലേക്കു സന്ദേശമെത്തി. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാറുഖ് രത്നാഗിരിയിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
ഇവര്‍ സ്ഥലത്തെത്തുമ്പോഴേക്കും വിവരം കിട്ടിയ ഷാറുഖ് സെയ്ഫി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ ട്രെയിനില്‍ കയറാനുള്ള നീക്കത്തിനിടെയാണു മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷാറുഖിനെ പിടികൂടിയത്. അതേസമയം, ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ ഷാറുഖ് സെയ്ഫി ഷഹീന്‍ബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഷാറുഖിന്റെ ചിത്രം അമ്മയാണു തിരിച്ചറിഞ്ഞത്. ഷാറുഖിനെ കാണാനില്ലെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷാറുഖിനെ ആറു ദിവസമായി കാണാനില്ലായിരുന്നുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.
ഷാറുഖ് പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെന്നും അമ്മ വ്യക്തമാക്കി. ഷാറുഖിന് അധികം സുഹൃത്തുക്കളുമില്ല. അതേസമയം, ഷാറുഖിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളും ഡയറിയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹീന്‍ബാഗിലെ ഷാറുഖിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.
കേസിലെ പ്രതിക്കായി ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്നും പിടികൂടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയില്‍ മഹാരാരാഷ്ട്രയില്‍ കൊങ്കണ്‍ മേഖലയിലെ രത്നഗിരിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇക്കാര്യം കേരളത്തില്‍നിന്നുള്ള ഭീകരവിരുദ്ധ സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























