തീവെപ്പുണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസിലാണ് കണ്ണൂരിലെത്തിയത്; അത് കഴിഞ്ഞ് പോലീസ് പരിശോധന പേടിച്ച് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്നു; മറ്റൊരു ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി കേരളം വിട്ടു; ഇതിന് ടിക്കറ്റെടുത്തില്ല; താന്‍ ഒറ്റയ്ക്കാണ് കുറ്റംചെയ്തതെന്ന് പ്രതി ? ആദ്യ മൊഴിയെ കുറിച്ച് കിട്ടുന്ന വിവരങ്ങൾ ഇങ്ങനെ

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുടെ ആദ്യ മൊഴി പുറത്ത്. താന്‍ ഒറ്റയ്ക്കാണ് കുറ്റംചെയ്തതെന്ന് പ്രതി പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം. കേരളത്തില്‍ എത്തിച്ച പ്രതിയെ പ്രത്യേക അന്വേഷണസംഘം പ്രാഥമികമായി ചോദ്യംചെയ്തിരുന്നു . അപ്പോഴാണ് പ്രതി ഇപ്രകാരം മൊഴി നല്‍കിയെന്ന വിവരം പുറത്ത് വരുന്നത് . പക്ഷേ ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യം ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നതാണ്.
തീവെപ്പുണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസിലാണ് താന്‍ കണ്ണൂരിലെത്തിയതെന്നാണ് പ്രതി കൊടുത്തിരിക്കുന്ന മൊഴി. അത് കഴിഞ്ഞ് പോലീസ് പരിശോധന പേടിച്ച് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്നുവത്രേ . മറ്റൊരു ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി കേരളം വിട്ടു. ഇതിന് ടിക്കറ്റെടുത്തിരുന്നില്ല.
കൃത്യം നടത്താന്‍ തനിക്ക് ആരുടെയും സഹായം കിട്ടിയിട്ടില്ല. സ്വയം തോന്നിയപ്രകാരം കുറ്റംചെയ്‌തെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളതെന്ന സൂചനകൾ പുറത്ത് വരികയാണ്.ആദ്യമായാണ് കേരളത്തില്‍ വരുന്നതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ടെന്നാണ് കിട്ടുന്ന വിവരം. എന്നാല്‍ ഈ മൊഴികളൊന്നും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് പോലീസ്,
പ്രാഥമികചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതിനായി പ്രതിയെ ഹാജരാക്കുന്നതിനൊപ്പം വിശദമായ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
അതേസമയം, ഷാരൂഖ് സെയ്ഫിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. രത്‌നഗിരിയില്‍നിന്ന് വെറും മൂന്ന് പോലീസുകാര്‍ മാത്രം അടങ്ങിയ സംഘമാണ് പ്രതിയുമായി കേരളത്തിലേക്ക് യാത്രതിരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം കണ്ണൂരില്‍വെച്ച് പഞ്ചറായതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം വഴിയില്‍ കിടക്കേണ്ടിവന്നു. പിന്നീട് മറ്റൊരു വാഹനം എത്തിച്ചെങ്കിലും ഇതിനും തകരാറുണ്ടായി. ദേശീയതലത്തില്‍ ചര്‍ച്ചയായ, ഏറെ ഗൗരവമേറിയ കേസിലെ പ്രതിയെ ഇത്തരത്തില്‍ കൊണ്ടുവന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha
























