ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പ്രകോപിപ്പിക്കരുത്;പൊതുയോഗങ്ങളിലും ചര്‍ച്ചകളിലും വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കാവൂ,അണികള്‍ക്ക് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം,പാംപ്ലാനി ഉയര്‍ത്തിവിട്ട തീപ്പൊരി സിപിഎമ്മിനെ പൊള്ളിക്കുന്നു,ഇപ്പോള്‍ ക്രൈസ്തവരെ സ്‌നേഹംകൊണ്ട് മൂടാന്‍ സിപിഎം

പാംപ്ലാനി ഉയര്‍ത്തിവിട്ടത് ചെറിയ തീപ്പൊരി അല്ല. അത് സിപിഎമ്മിനെ അടിമുടി പൊള്ളിക്കുന്നു. ഇതോടെ ക്രൈസ്തവ സഭകള്‍ക്കെതിരെ സൂക്ഷിച്ച് കളിക്കാന്‍ സിപിഎം. ഇടഞ്ഞ് നില്‍ക്കുന്ന സഭകളെ കൂടുതല്‍ പ്രകോപിപ്പിക്കരുത്. ക്രൈസ്തവ സഭകളുമായി ബി.ജെ.പി. നടത്തുന്ന ചര്‍ച്ചകളെപ്പറ്റി സൂക്ഷ്മതയോടെ മാത്രമേ പ്രതികരിക്കാവൂ. സിപിഎം സൈബര്‍ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം. പൊതുയോഗങ്ങളിലും ചര്‍ച്ചകളിലും വാക്കുകള്‍ ശ്രദ്ധിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ബിഷപ്പുമാരും ബിജെപി നേതാക്കളുമായ് ചര്‍ച്ച നടത്തിയതിന് പിന്നാലെ വലിയ ആക്രമണമാണ് സിപിഎം നേതാക്കളും അണികളും സഭകള്‍ക്കെതിരെ അഴിച്ചുവിടുന്നത്. എന്നാല്‍ ഇത് പണിയാകുമെന്ന് ബോധ്യപ്പെട്ടതോടെ അണികള്‍ക്ക് പാര്‍ട്ടി ഗ്രൂപ്പുകളിലൂടെ നിര്‍ദ്ദേശം പോയിരിക്കുന്നത്.
പൊതുയോഗങ്ങളിലും ചര്‍ച്ചകളിലും വാക്കുകള്‍ ശ്രദ്ധിച്ചുമാത്രമേ ഉപയോഗിക്കാവൂ. പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറിമാരോടാണ് നിര്‍ദേശിച്ചിട്ടുള്ളത്. വര്‍ഗബഹുജന സംഘടനകളുടെ ഫ്രാക്ഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം പറയുന്നുണ്ട്. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ വോട്ടുകള്‍ ചെറിയതോതിലെങ്കിലും ബി.ജെ.പി.ക്ക് ലഭിക്കുന്നുണ്ടെന്നാണ് സി.പി.എമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍. പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ അപ്രതീക്ഷിതമായി ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പി.യിലേക്ക് ചായുന്നെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് ബൂത്ത് തലത്തില്‍ ലഭിച്ച വോട്ടുകള്‍ വിശകലനം ചെയ്താണ് സി.പി.എം. ഈ വിലയിരുത്തലിലേക്ക് എത്തിയത്. ഇതു പ്രതിരോധിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ജാഗരൂകരാകണമെന്ന് നേതൃത്വം നിര്‍ദേശിക്കുന്നു.
രാജ്യത്ത് നടന്നിട്ടുള്ള ക്രൈസ്തവ വേട്ടകള്‍, സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ നിലയ്ക്കല്‍ അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങള്‍, മതപ്രചാരകര്‍ക്കുനേരേ പ്രാദേശികമായി നടന്നിട്ടുള്ള ആക്രമണങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനും പറഞ്ഞിട്ടുണ്ട്. ഇവയുടെ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍ എന്നിവ തയ്യാറാക്കി താഴേത്തട്ടിലെ സൈബര്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കുനേരേ അക്രമങ്ങളുണ്ടായ സന്ദര്‍ഭങ്ങളില്‍ സി.പി.എം. സ്വീകരിച്ച നിലപാട് ക്രൈസ്തവ വിഭാഗങ്ങളെ ധരിപ്പിക്കണമെന്നാണ് നിര്‍ദേശം. പല കാലങ്ങളിലായി സംഘപരിവാര്‍ നേതാക്കള്‍ നടത്തിയിട്ടുള്ള ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
ക്രൈസ്തവ സഭകള്‍ക്ക് നേരെ കടന്നാക്രമണം വേണ്ടായെന്നാണ് അണികള്‍ക്കുള്ള നിര്‍ദ്ദേശം. വെട്ടുകിളി കൂട്ടത്തെ നിലയ്ക്ക് നിര്‍ത്താന്‍ മേലേത്തട്ടില്‍ നിന്ന് നിര്‍ദ്ദേശം വന്നിരിക്കുന്നത്. മതമേലദ്ധ്യക്ഷന്മാരെ ബിജെപി നേതാക്കള്‍ കാണുമ്പോള്‍ സിപിഎം ഉറഞ്ഞ് തുള്ളുകയായിരുന്നു. പലപ്പോഴും വിമര്‍ശനങ്ങള്‍ അതിരുവിട്ട് പോയിരുന്നു. അത് സിപിഎമ്മിന് തന്നെ പാരയായതോടെ ഒരുപൊടിക്ക് ഒതുങ്ങാന്‍ മുന്നറിയിപ്പ്. ക്രൈസ്തവ വോട്ട് ഭിന്നിച്ച് പോകരുത് അതാണ് സിപിഎം ലക്ഷ്യം. ബിഷപ്പുമാരെ തണുപ്പിക്കാന്‍ ഉടനെ അരമന കയറാനും സിപിഎമ്മിന് പറ്റില്ല. കാരണം സിപിഎംക്രൈസ്തവ ബന്ധത്തില്‍ അല്‍പ്പം വിള്ളല്‍ വന്നിട്ടുണ്ട്. ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസ്സിനും. ബിജെപിയും മതമേലദ്ധ്യക്ഷന്മാരും കൂടി ചര്‍ച്ച നടത്തുമ്പോള്‍ വോട്ട് ആ വഴിക്ക് പോകുമോ എന്നുള്ള ഉഭയം ഇടതിനും വലതിനും വന്നിട്ടുണ്ട്. ബിജെപി അജണ്ട കേരളത്തില്‍ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കുക എന്നാതാണ്. അതിനാണ് അരമനകളിലേക്ക് വെച്ചുപിടിക്കുന്നത്. വോട്ട് പോകാതിരിക്കാന്‍ ഇടത് വലതും അരമനകളിലേക്ക്. എന്നാല്‍ ഇവരാരും ഇപ്പോഴും പാംപ്ലാനി ഉയര്‍ത്തിയ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. റബ്ബര്‍ വില കൂടുന്നതിനേക്കുറിച്ച് ചര്‍ച്ചകളും നടത്തുന്നില്ല. പകരം ക്രൈസ്തവ വോട്ടിന് അടിയുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha























