ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്

ആര്‍എസ്എസിന്റെ തലവന് മുന്നില്‍ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല പിണറായി വിജയനും സി.പി.എം പ്രസ്ഥാനത്തിനുമുള്ളതെന്ന് പി. എ. മുഹമ്മദ് റിയാസ് എം.എല്‍.എ പറഞ്ഞു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനു പകരം വിഷയം വഴിതിരിച്ചുവിടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്ലീഡര്‍ നിയമന വിഷയം സി.പി.എം മാത്രം ഉന്നയിച്ചതല്ലെന്നും കോണ്‍ഗ്രസും കെ.എസ്.യുവും ഇതേ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാര്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുന്നതില്‍ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും, എന്നാല്‍ സംഘപരിവാര്‍ നേതാക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നതെന്നും റിയാസ് വ്യക്തമാക്കി. ഇതിന് മറുപടിയായി മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, വസ്തുതകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ അന്‍പത് ദിവസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ജനങ്ങളോട് വ്യക്തമായ മറുപടി പറയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പി. എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























