തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുന്‍കാല ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഭക്തരുടെ വികാരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഒരു സന്തുലിത സമീപനമാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മൈതാനം മുഴുവനായി വെറുതെ ഇടുന്നത് ബോര്‍ഡിന്റെ വരുമാനത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ ന്യായമായ അഭ്യര്‍ഥന പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തി. കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി മതപരമല്ലാത്ത ചില ആവശ്യങ്ങള്‍ക്ക് മൈതാനം താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ബോര്‍ഡിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ യാതൊരുവിധ പ്രതിഷേധങ്ങള്‍ക്കോ കൂട്ടായ്മകള്‍ക്കോ മൈതാനം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേത്രാരാധനകളില്‍ രാഷ്ട്രീയത്തിന് യാതൊരു പങ്കുമില്ലെന്ന് മുന്‍കാല വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഓര്‍മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാര്‍ക്കിങ്ങിനുമായി മൈതാനം നല്‍കരുതെന്നും വിധിയിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താല്‍ക്കാലികമോ ആയ നിര്‍മാണ പ്രവര്‍ത്തനങ്ങളോ സൗന്ദര്യവല്‍ക്കരണ പദ്ധതികളോ നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടായിരിക്കും. ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ പരിപാടികള്‍ക്കും ലൈസന്‍സ് ഫീയോ വാടകയോ ഈടാക്കാതെ ബോര്‍ഡിന് അനുമതി നല്‍കാം. കോടതി അനുമതി നിഷേധിച്ച രാഷ്ട്രീയ യോഗങ്ങള്‍ പോലുള്ളവ ഒഴികെയുള്ള നിശ്ചിത പരിപാടികള്‍ക്ക് ന്യായമായ വാടക ഈടാക്കി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ ബോര്‍ഡിന് ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മൈതാനം വിവിധ പരിപാടികള്‍ക്കായി വിട്ടുനല്‍കുമ്പോള്‍ ബോര്‍ഡും സംഘാടകരും തമ്മില്‍ ഒപ്പുവെക്കുന്ന ലൈസന്‍സ് അല്ലെങ്കില്‍ വാടക കരാറില്‍ കര്‍ശനമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പില്‍ മാലിന്യങ്ങള്‍ തള്ളുന്നതും കുന്നുകൂട്ടുന്നതും സസ്യാഹാരേതര ഭക്ഷണങ്ങളുടെ വില്‍പനയും ഉപഭോഗവും പൂര്‍ണമായും നിരോധിക്കണം. മാലിന്യം നിക്ഷേപിക്കുന്നത് ആവശ്യമായ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞയുടന്‍ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്യേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്.
ജല, മണ്ണ് മലിനീകരണവും സസ്യങ്ങള്‍ക്കോ ക്ഷേത്ര സ്വത്തുക്കള്‍ക്കോ ഉള്ള നാശനഷ്ടങ്ങളും തടയേണ്ടതുണ്ട്. പ്ലാസ്റ്റിക്, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, ബയോഡീഗ്രേഡബിള്‍ അല്ലാത്ത മറ്റ് വസ്തുക്കള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായി നിരോധിച്ചു. ഉച്ചഭാഷിണികളോ ആംപ്ലിഫയറുകളോ ശബ്ദമലിനീകരണം ഉണ്ടാക്കാത്ത രീതിയിലും അനുവദനീയമായ ഡെസിബെല്‍ പരിധികള്‍ പാലിച്ചും മാത്രമേ ഉപയോഗിക്കാവൂ.
https://www.facebook.com/Malayalivartha

























