പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

പാക് അധീന കാശ്മീരില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷങ്ങളിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് റാവലാകോട്ട് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൂര്‍ണമായി അടച്ചുപൂട്ടി. സംഘര്‍ഷ മേഖലകളിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ചു.
ജൂലായ് 27ന് പാക് അധിനിവേശ കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രക്ഷോഭം ശക്തമായത്. പണപ്പെരുപ്പം, രാഷ്ട്രീയ വിവേചനം എന്നിവയ്‌ക്കെതിരെ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നിയമസഭയില്‍ അഭയാര്‍ത്ഥികള്‍ക്കുള്ള 12 പ്രത്യേക സീറ്റുകള്‍ നിറുത്തലാക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, ഗോതമ്പിന് സബ്‌സിഡി നല്‍കുക എന്നിവയാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. മാര്‍ച്ച് തടയുന്നതിന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ്, ഫ്രോണ്ടിയര്‍ കോര്‍പ്‌സ് എന്നിവരടക്കം നാലായിരത്തോളം സൈനികരെയാണ് പാക് ഭരണകൂടം മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോടകം 150ലധികം പേര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. റാവലാകോട്ട നഗരത്തില്‍ നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്.
https://www.facebook.com/Malayalivartha

























