തൊഴുകൈകളോടെ.... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ഗുരുവായൂരപ്പന് മുന്നില്‍ തുലാഭാരം... വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയ അനുഭവമാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തൊഴുകൈകളോടെ.... ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി കേരള ഗവര്‍ണര്‍. മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ഗുരുവായൂരിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നട പന്തലില്‍ വെച്ചായിരുന്നു തുലാഭാരം.
83 കിലോ കദളി പഴം ഉപയോഗിച്ചാണ് തുലാഭാരം നടത്തിയത്. തുലാഭാര നേര്‍ച്ചയ്ക്കായി ഗവര്‍ണര്‍ 4250 രൂപ ക്ഷേത്രത്തില്‍ അടച്ചു.വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയ അനുഭവമാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . 'യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹാ... എന്ന ഉപനിഷദ് വാക്യമായിരുന്നു ദര്‍ശനത്തിനുശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയനോട് ഗവര്‍ണറുടെ പ്രതികരണം. തൂവെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം.
മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്‌സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം- 23 ഉദ്ഘാടനം ചെയ്യാനായി ഗുരുവായൂരിലെത്തുന്ന തനിക്ക് ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ താത്പര്യമുണ്ടെന്ന് ഗവര്‍ണര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിന് പുറത്ത് നടത്താവുന്ന വഴിപാടായതിനാലാണ് തുലാഭാരം നിശ്ചയിച്ചത്.
4.30 ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് കാല്‍നടയായി ഗവര്‍ണര്‍ ക്ഷേത്രമുറ്റത്ത് എത്തി. കിഴക്കെഗോപുര കവാടത്തില്‍ നിന്ന് ഗുരുവായൂരപ്പനെ കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഗവര്‍ണര്‍ക്ക് ക്ഷേത്രത്തിലെ പ്രസാദം നല്‍കി. ശേഷമായിരുന്നു തുലാഭാരം. ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് 4.40 ഓടെ മടങ്ങി, ഗവര്‍ണര്‍.
"
https://www.facebook.com/Malayalivartha























