സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (ജൂലായ് 14,15) മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത് .
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha























