കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി.എൻ.പ്രതാപൻ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വാശിയേറിയ പോരാട്ടമുഖം തുറന്നേക്കും.... ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിയും ഇറങ്ങിയാൽ ഇപ്രാവശ്യവും സംസ്ഥാനത്തെ പ്രധാന ശ്രദ്ധാകേന്ദ്രമാകും തൃശൂർ....

കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി.എൻ.പ്രതാപൻ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വാശിയേറിയ പോരാട്ടമുഖം തുറന്നേക്കും. ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിയും ഇറങ്ങിയാൽ ഇപ്രാവശ്യവും സംസ്ഥാനത്തെ പ്രധാന ശ്രദ്ധാകേന്ദ്രമാകും തൃശൂർ. ടി.എൻ.പ്രതാപന്റെ ജനകീയതയെയും സുരേഷ് ഗോപിയുടെ സിനിമാസ്റ്റൈൽ പ്രചാരണത്തെയും മറികടക്കാൻ മണ്ഡലത്തിന്റെ സ്പന്ദനങ്ങളറിയാവുന്ന വി.എസ്.സുനിൽകുമാറിനെ സി.പി.ഐ ഇറക്കിയാൽ പോരാട്ടം പൊടി പാറും.
ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് പ്രതാപൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നിയമസഭയിലേക്ക് കണ്ണുവച്ചാണെന്ന് ആക്ഷേപവുമുയർന്നിരുന്നു. എന്നാൽ സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്ന നിർദ്ദേശം വന്നതോടെ പാർട്ടിക്ക് വഴങ്ങുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പകരം മുൻ എം.എൽ.എ വി.ടി.ബലറാമിനെ വരെ രംഗത്തിറക്കാൻ പലരും ചരടുവലിച്ചെങ്കിലും പുറമേ നിന്നുള്ളവരെ പരിഗണിക്കില്ലെന്ന് ജില്ലാ നേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞതവണ രാജാജി മാത്യു തോമസിനെ കളത്തിലിറക്കിയത് തിരിച്ചടിയായിരുന്നു. അന്ന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ശക്തനായ ഒരാളെ ഇറക്കണമെന്നാണ് മുന്നണിയുടെ അഭിപ്രായം. മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, മുൻ മന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങി പേരുകളാണ് ഉയരുന്നത്. രണ്ട് പേരും പരിപാടികളിൽ സജീവമാണ്. തൃശൂർ എം.എൽ.എ എന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും മികച്ച രീതിയിൽ ഇടപെട്ട വി.എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിനും എതിർപ്പുണ്ടായേക്കില്ല.
https://www.facebook.com/Malayalivartha
























